ന്യൂഡൽഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ പ്രസ്താവനകൾ പച്ചക്കള്ളം ആണെന്ന് പ്രകാശ് ജാവദേക്കര്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടൽ ഉണ്ടായി 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്. വലിയ കാലതാമസമാണ് കേരള സർക്കാർ ഈ വിഷയത്തിൽ വരുത്തിയിട്ടുള്ളത് എന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ 700 കോടിയില്‍ 500 കോടിയിലധികം നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. വയനാട് ദുരന്തത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോകത്തിന്റെ പലഭാഗത്തുനിന്നും വലിയ സംഭാവനകൾ വന്നിട്ടുണ്ട്. എന്നാൽ ഇതിന്റെ കണക്കുകളോ ഇത് എങ്ങനെ ഉപയോഗിക്കാൻ പോകുന്നുവെന്ന് ഉള്ള കാര്യത്തിൽ യാതൊരു വ്യക്തതയും കേരള സർക്കാർ ഇതുവരെ വരുത്തിയിട്ടില്ല എന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുകളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വയനാട്ടിലെ ദുരന്തബാധിതരായ ജനങ്ങളും വഞ്ചിക്കപ്പെടുകയാണ്. സംസ്ഥാന സർക്കാർ വരുത്തിയ കാലതാമസമാണ് കേന്ദ്രസഹായം വൈകിയതിലുള്ള കാരണമെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.
Add Comment