Kerala

കെഎം ഷാജിക്കെതിരെ കേരളസര്‍ക്കാരും ഇഡിയും ചേര്‍ന്നു നടത്തിയത് പച്ചയായ വേട്ടയാടൽ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇഡിയും ചേര്‍ന്നു നടത്തിയത് പച്ചയായ വേട്ടയാടലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൈക്കൂലി വാങ്ങിയെന്ന് കള്ളക്കേസ് ചുമത്തിയത് ഹൈക്കോടതി തള്ളിയിട്ടും പക തീരാതെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സുപ്രീം കോടതിയിലും വേട്ടയാടല്‍ തുടര്‍ന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേ​ജിലൂടെയായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പ്രതികരണം.

കേരളസര്‍ക്കാരിനെ എല്ലാ ഘട്ടത്തിലും രക്ഷിക്കാനെത്തുന്ന ഇഡിയും ഷാജിക്കെതിരെയുള്ള ഈ വേട്ടയില്‍ പങ്കാളികളായി. പക്ഷേ ധൈര്യം വിടാതെ പൊരുതിയ ഷാജി ബാക്കിവെയ്ക്കുന്നത് ആര്‍ജവമുള്ള രാഷ്ട്രീയക്കാരന്റ കരുത്ത്. കുറ്റവിമുക്തനാക്കപ്പെട്ടത് കാലത്തിന്റെ കാവ്യനീതി. പകയുടെ രാഷ്ട്രീയം ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകണം. പകയ്ക്കു വേണ്ടി ചെലവഴിച്ച കോടികളുടെ പേരില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല കുറിച്ചു.

പ്ലസ്‌ടു കോഴ കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരും ഇഡിയും നല്‍കിയ അപ്പീലുകളാണ് സുപ്രീംകോടതി തള്ളിയത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ചിനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്.