Sports

വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിയോട് പരാജയപ്പെട്ട് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിയോട് പരാജയപ്പെട്ട് കേരളം. 29 റൺസിനാണ് കേരളത്തിന്റെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഡൽഹി നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. മറുപടി പറഞ്ഞ കേരളം 42.2 ഓവറിൽ 229 റൺസിൽ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിന് ആറിന് 228 എന്ന സ്കോറിൽ നിന്നാണ് കേരളം 229ൽ ഓൾ ഔട്ടായത്.

ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി നിരയിൽ ക്യാപ്റ്റൻ ആയുഷ് ബദോനി 56, അനുജ് റാവത്ത് പുറത്താകാതെ 58, സുമിത്ത് മാത്തൂർ പുറത്താകാതെ 48, ആയുഷ് സുമിത്ത് 35 എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി. കേരളത്തിനായി ഷറഫുദീൻ എൻ എം രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ കേരളം ആറിന് 128 എന്ന നിലയിൽ തകർന്നു. ഏഴാം വിക്കറ്റിൽ അബ്ദുൾ ബാസിതും ക്യാപ്റ്റൻ സൽമാൻ നിസാറും നടത്തിയ പോരാട്ടം കേരളത്തിന് വിജയപ്രതീക്ഷ നൽകി. 90 പന്തിൽ എട്ട് ഫോറും നാല് സിക്സും സഹിതം ബാസിത് 90 റൺസെടുത്തു. 52 പന്തിൽ അഞ്ച് ഫോറടക്കം 38 റൺസാണ് സൽമാൻ നിസാറിന്റെ സമ്പാദ്യം. ഇരുവരും ചേർന്ന ഏഴാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തു.

രോഹൻ കുന്നുന്മൽ 42 റൺസും ആദിത്യ സർവതെ 26 റൺസും കേരള നിരയിൽ സംഭാവന ചെയ്തു. ഡൽഹിക്കായി ഇഷാന്ത് ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പ്രിൻസ് യാദവ്, ഹൃത്വിക് ഷൊക്കൈൻ, സുമിത് മാത്തൂർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.