Kerala

എത്രയും വേഗം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ

കണ്ണൂർ: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ എത്രയും വേഗം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ. നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ പോയി മുൻകൂർ ജാമ്യം നേടുന്നതുവരെ സിദ്ദിഖിനെ ചോദ്യം ചെയ്തിരുന്നില്ല എന്നും എന്നാൽ ഈ വിഷയത്തിൽ അതുണ്ടാകരുത് എന്നും കെ കെ രമ പറഞ്ഞു. സർവ്വത്ര ദുരൂഹത നിറഞ്ഞതാണ് നവീൻ ബാബുവിന്റെ മരണമെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കെ കെ രമ ആവശ്യപ്പെട്ടു.

‘വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. ഡ്രൈവർ എന്തുകൊണ്ട് തുറന്നിട്ട റൂമായിട്ട് പോലും അകത്ത് കയറി നോക്കിയില്ല. പോസ്റ്റുമോർട്ടത്തിന്റെ കാര്യത്തിലും ഇൻക്വസ്റ്റിന്റെ കാര്യത്തിലും ഒട്ടനവധി ചോദ്യങ്ങൾ ബാക്കിനിൽക്കുന്നുവെന്നും രമ പറഞ്ഞു. കളക്ടർക്കെതിരെയും രമ വിമർശനമുന്നയിച്ചു. ദിവ്യ യോഗത്തിൽ വരുന്നത് കളക്ടറിന് അറിയാമായിരുന്നുവെങ്കിൽ എന്തുകൊണ്ട് തടഞ്ഞില്ല എന്ന് ചോദിച്ച രമ ദിവ്യയിൽ മാത്രം അന്വേഷണം ഒതുങ്ങരുതെന്നും ആവശ്യപ്പെട്ടു.

ദിവ്യയെ അറസ്റ്റ് ചെയ്താൽ അവർ പറയുന്ന കാര്യങ്ങളിലൂടെ പലരിലേക്കും അന്വേഷണം നീളുമെന്നും അതുകൊണ്ടാണ് ദിവ്യയ്ക്ക് പാർട്ടി സംരക്ഷണം ഒരുക്കുന്നതെന്നും രമ ആരോപിച്ചു. കണ്ണൂരിലെ പൊലീസിന് പാർട്ടിയെ ഭയമാണെന്നും ജാമ്യം കോടതി തള്ളിയിട്ടും പാർട്ടിയുടെ അനുവാദത്തിന് പൊലീസ് കാത്തു നിൽക്കുന്നത് എന്തിനാണെന്നും രമ ചോദിച്ചു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.