തിരുവനന്തപുരം: എ.ഡി.എം. ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ട എന്ന നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കുകയെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് കെ.കെ.
രമ എംഎല്‍എ. സിബിഐ വേണ്ടെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്. അതേ നിലപാട് തന്നെയാണല്ലോ സർക്കാരും പറയുക. ഈ പ്രതികളെയെല്ലാം സംരക്ഷിക്കണമെന്ന് അവർക്ക് അത്രമാത്രം നിർബന്ധമുണ്ട്. അതുകൊണ്ട് അതിനനുസരിച്ചുള്ള അന്വേഷണമേ നടത്തുകയുള്ളൂവെന്നും കെ.കെ. രമ പറഞ്ഞു.
പത്തനംതിട്ടയില്‍ പാർട്ടി കുടുംബത്തിനൊപ്പം നിന്നത് കുടുംബം മറ്റൊരു അന്വേഷണത്തിലേക്ക് പോകാതിരിക്കാനും കുടുംബത്തെ തങ്ങളുടെ കൂടെ നിർത്താനുമുള്ള അടവാണ്. അതുകൊണ്ടാണ് കണ്ണൂരിലെ പാർട്ടി ദിവ്യക്കൊപ്പവും ഇപ്പുറത്ത് പാർട്ടി മറ്റൊരു നിലപാടെടുക്കുകയും ചെയ്തത്. ഈ ഇരട്ടത്താപ്പ് നമ്മള്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്.
കുടുംബത്തോടൊപ്പമാണെന്ന് പറയുന്നതില്‍ ഒരല്‍പം ആത്മാർഥതയുണ്ടായിരുന്നെങ്കില്‍ കുടുംബം ആവശ്യപ്പെടുന്ന അന്വേഷണത്തോടൊപ്പം നില്‍ക്കും എന്ന നിലപാടായിരുന്നല്ലോ വേണ്ടിയിരുന്നത്. ഇതില്‍ ഒരു പാട് കാര്യങ്ങള്‍ മറയ്ക്കാനുണ്ട്. സിബിഐ അന്വേഷിച്ചാല്‍ പലരിലേക്കും എത്തുമെന്ന് ഇവർക്ക് ഭയമുണ്ട്. ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്ന് പറയുകയും വേട്ടക്കാരനൊപ്പം ഓടിക്കൊണ്ടേയിരിക്കുകയും ചെയ്യുന്ന സർക്കാരാണ്. കൂടുതലൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും കെ.കെ. രമ പറഞ്ഞു.
Add Comment