തുടര്‍ച്ചയായി വിമാനാപകടങ്ങളുടെ വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. ഏറ്റവും ഒടുവില്‍ അമേരിക്കയിലെ വടക്കന്‍ അരിസോണയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാനഡയിലെ ടൊറണ്ടോയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തലകീഴായി മറിഞ്ഞിരുന്നു.
വിമാനത്തിലെ സുരക്ഷിതമായ സീറ്റ്
വിമാനങ്ങളില്‍ ഏറ്റവും സുരക്ഷിതമായ സീറ്റ് എന്ന് കണക്കാക്കപ്പെടുന്നത് പിന്‍സീറ്റുകളാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഒരു വിമാനത്തിന്റെ പിന്‍സീറ്റുകളില്‍ ഇരിക്കുന്നവരുടെ അതിജീവന നിരക്ക് മുന്‍വശത്തുള്ള സീറ്റുകളെ അപേക്ഷിച്ച് അല്‍പം കൂടുതലാണെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ക്രാഷ് ലാന്‍ഡിങ്, കൂട്ടിയിടികള്‍, റണ്‍വേ ഓവര്‍റണ്‍ തുടങ്ങിയ അപകടങ്ങള്‍ മുന്‍ഭാഗത്തെ സീറ്റുകളില്‍ ഇരിക്കുന്നവരെ കൂടുതലായി ബാധിച്ചേക്കാം. യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ വിവരങ്ങള്‍ ഉദ്ധരിച്ച് ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ, ‘വിമാനത്തിന്റെ മുന്‍വശത്ത് ഇരിക്കുന്നവരുടെ രക്ഷപ്പെടാനുള്ള സാധ്യത 49 ശതമാനമാണ്. മധ്യഭാഗത്താണെങ്കില്‍ 59 ശതമാനം സാധ്യതയും വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരിക്കുകയാണെങ്കില്‍ 69 ശതമാനവും രക്ഷപ്പെടാന്‍ സാധ്യതയുണ്ട്.’
എന്നാല്‍ വിമാനത്തിനുള്ള സുരക്ഷിതമായ സീറ്റ് എന്ന ആശയം മിഥ്യയാണെന്നും അപകടം എങ്ങനെയുണ്ടാകുന്നു എന്നതിനെ അപേക്ഷിച്ച് സുരക്ഷിതമായ ഒരു സീറ്റുണ്ടെന്ന് പറയാനികില്ലെന്നും മറ്റു ചില പഠനങ്ങള്‍ പറയുന്നു. യാത്രക്കാര്‍ സുരക്ഷാനിര്‍ദേശങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുകയും അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയുകയും ചെയ്യുക എന്നതാണ് പ്രധാനം. ഇത് യാത്രക്കാരുടെ അതിജീവന സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുമെന്നും സ്‌കൈ സ്റ്റോറീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നിരുന്നാലും ഒരു കാര്യം ശ്രദ്ധിക്കുക, ഏറ്റവും സുരക്ഷിതമായ ഗതാഗത മാര്‍ഗം വിമാനയാത്ര തന്നെയാണ്. സമീപകാലത്തുണ്ടാകുന്ന വിമാനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും, റോഡപകടങ്ങളെ അപേക്ഷിച്ച് മരണനിരക്ക് വളരെ കുറവ് തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Add Comment