Kerala

കൊച്ചി സ്മാർട്ട് സിറ്റി നടക്കില്ല, എല്ലാം അവസാനിപ്പിക്കുന്നതായി ടീകോം

എറണാകുളം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കാൻ ആവില്ലെന്ന് ടീകോം. പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ടീകോം കമ്പനി കേരള സർക്കാരിനെ അറിയിച്ചു. പദ്ധതി മുടങ്ങുന്നതിനാൽ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് നൽകിയ ഭൂമി തിരിച്ചു പിടിക്കുമെന്ന് കേരള സർക്കാരും അറിയിച്ചു.

പദ്ധതി നടപ്പിലാക്കാൻ ഒരു തരത്തിലും കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കിയതോടെ പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ആണ് അവസാനമാകുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചർച്ചകൾ ആരംഭിച്ച് പിന്നീട് വിഎസ് അച്യുതാനന്ദൻ സർക്കാർ അനുമതി നൽകിയ പദ്ധതിയാണ് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി.

2004ൽ ഉമ്മൻചാണ്ടി സർക്കാർ പദ്ധതിയുടെ ചർച്ചകൾ ആരംഭിച്ചപ്പോൾ റിയൽ എസ്റ്റേറ്റ് ആരോപണം ഉന്നയിച്ച് സിപിഎം തന്നെയാണ് പദ്ധതിയെ എതിർത്തിരുന്നത്. പിന്നീട് പതിവുപോലെ സിപിഎം അധികാരത്തിൽ എത്തിയപ്പോൾ പദ്ധതി നടപ്പിലാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. 2006ൽ വിഎസ് അച്യുതാനന്ദൻ സർക്കാരാണ് ടീകോം കമ്പനിയുമായി കരാറിൽ ഒപ്പുവയ്ക്കുന്നത്.

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ടീകോമിൽ നിന്നും തിരിച്ചെടുക്കുന്ന ഭൂമി മറ്റ് വികസനാവശ്യങ്ങൾക്ക് വിനിയോഗിക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു. ടീ കോമിന് നൽകേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിന് നിരീക്ഷകനെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.