തൃശ്ശൂർ: കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് എട്ടംഗ സംഘത്തിന് അന്വേഷണ ചുമതല. കൊച്ചി ഡിസിപി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘത്തലവൻ. തൃശ്ശൂർ ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിൻ്റെ മേൽനോട്ടം. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൊടകര എസ് എച്ച് ഒ വലപ്പാട് എസ്ഐ ഉൾപ്പെടെയുള്ള എട്ടുപേരാണ് അന്വേഷണസംഘത്തിലുള്ളത്.
ഡിജിപിയാണ് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. നേരത്തെ കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്ന വി കെ രാജു മാത്രമാണ് പുതിയ സംഘത്തിലുള്ളത്. ബിജെപിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് ഡിജിപി പുതിയ അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നത്. കൊടകര കള്ളപ്പണക്കേസ് സർക്കാർ അട്ടിമറിച്ചുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ കേസ് പുനരന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നത്.
കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇവർ സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊടകര കള്ളപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി തിരൂർ സതീഷ് രംഗത്ത് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. പുനരന്വേഷണം നടത്താൻ ഇരിങ്ങാലക്കുട കോടതിയിൽ സർക്കാർ അനുമതി തേടിയിട്ടുണ്ട്. കോടതി ഈ ഹർജി പരിഗണിക്കാനിരിക്കെയാണ് സർക്കാർ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യപാച്ചിരിക്കുന്നത്. നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജിയിൽ അനുമതി ലഭിച്ചാലുടൻ പുനരന്വേഷണ നടപടികൾ ആരംഭിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൊടകരയിൽ പിടികൂടിയ മൂന്നരക്കേടിയുടെ കള്ളപ്പണം ബിജെപിയുടെ ഓഫീസിൽ എത്തിച്ചാണ് കടത്തിയതെന്നായിരുന്നു തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തൽ. നേരത്തെ ഈ വിഷയത്തിൽ നൽകിയത് വ്യാജമൊഴിയാണെന്നും ബിജെപി നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് വ്യാജ മൊഴി നൽകിയതെന്നും തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. ആറു ചാക്കുകളിലായി മൂന്നരക്കോടി രൂപ ബിജെപി ഓഫീസിൽ എത്തിച്ചെന്നാണ് തിരൂർ സതീശിൻ്റെ പുതിയ വെളിപ്പെടുത്തൽ. നേരത്തെ ചാക്കുകളിൽ ഉണ്ടായിരുന്നത് പാർട്ടിയുടെ കൊടി തേരണങ്ങളാണ് എന്ന മൊഴിയായിരുന്നു തിരൂർ സതീശ് നൽകിയത്. ഈ മൊഴി കോടതിയിൽ തിരുത്തി പറയാൻ ഇരിക്കുകയായിരുന്നു തിരൂർ സതീഷ് വെളിപ്പെടുത്തിയത്.
Add Comment