നീണ്ട 12 വർഷത്തിന് ശേഷം വിരാട് കോഹ്‌ലി തിരിച്ചെത്തിയ മത്സരത്തിൽ നാടകീയ രംഗങ്ങൾ. ഗ്രൗണ്ടിൽ ഫീൽഡ് നിൽക്കുകയായിരുന്ന കോഹ്‌ലിയുടെ അടുത്തേക്ക് ഒരു ആരാധകൻ ഓടിപോവുകയും കാൽ തൊട്ട് വണങ്ങുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ആരാധകനെ മാറ്റി. ടോസിന് മുന്നേ തന്നെ തിങ്ങിനിറഞ്ഞ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
കോഹ്‌ലിയെ കാണാൻ ഡൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് ചുറ്റും രാവിലെ മുതൽ തിക്കും തിരക്കുമായിരുന്നു. 9.30 ന് തുടങ്ങുന്ന മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ആരാധകരെത്തി. സ്റ്റേഡിയത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകർ. ‘ആര്‍സിബി’ ചാന്റുകളും മുഴക്കി. സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് സൗജന്യ പ്രവേശനമാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിട്ടുള്ളത്. മത്സരം കാണാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ് മാത്രം കൈയില്‍ കരുതിയാല്‍ മതിയാവും.
അതേസമയം കോഹ്‌ലിയെത്തിയതോടെ മത്സരത്തിന് അന്താരാഷ്ട്ര മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് ഉണ്ടായിട്ടുള്ളത്. സുരക്ഷാ ക്രമീകരങ്ങളിൽ തുടങ്ങി സംപ്രേഷണ കാര്യങ്ങളിൽ വരെ അടിമുടി മാറ്റത്തിന് ബിസിസിഐ തയ്യാറായിരിക്കുകയാണ്. നേരത്തെ മുംബൈ ടീമിന് വേണ്ടി രോഹിത് ശർമയും ജയ്‌സ്വാളും കളിക്കാനെത്തിയതോടെ ചരിത്രത്തിൽ ഇത് വരെയില്ലാത്ത ആരാധക ശ്രദ്ധ ആഭ്യന്തര ക്രിക്കറ്റായ രഞ്ജി ട്രോഫിക്ക് ലഭിച്ചിരുന്നു. മത്സരം ലൈവ് സ്ട്രീം ചെയ്യാൻ ബിസിസിഐയും ജിയോ സിനിമയും തമ്മിൽ ധാരണയായിട്ടുണ്ട്. അതേസമയം ടോസ് നേടിയ ഡൽഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി ബൗളിങ് തിരഞ്ഞെടുത്തു. അതുകൊണ്ട് തന്നെ ഡൽഹിക്ക് വേണ്ടി കളിക്കുന്ന കോഹ്‌ലി ഇന്ന് ബാറ്റ് ചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
Add Comment