Kerala

തോമസ് കെ തോമസ് പണം വാ​ഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ

തിരുവനന്തപുരം: കൂറുമാറാൻ എൻസിപി ശരദ് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ് പണം വാ​ഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി ആർഎസ്പി-ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎ. കോഴ ആരോപണം സംബന്ധിച്ച വാർത്ത വാസ്തവവിരുദ്ധമാണെന്നും അത്തരത്തിൽ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുപോലും പോയിട്ടില്ല. പച്ചില കണ്ടാൽ പോകുന്നവനല്ല താനെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

പാർട്ടിയിൽ അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. പക്ഷേ അതിൽ ആരോടും പരിഭവമില്ല. മുഖ്യമന്ത്രി വിഷയത്തെ കുറിച്ച് സംസാരിക്കാൻ തന്നെ വിളിപ്പിച്ചിരുന്നു. അന്ന് തന്നെ ആരോപണം താൻ നിഷേധിച്ചു. വിഷയത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി സഖ്യത്തിലുള്ള എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ തോമസ് കെ തോമസ് ജനാധിപത്യ കേരള കോൺ​ഗ്രസ് എംഎൽഎ ആൻ്റണി രാജുവിനും ആർഎസ്പി-ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോനും 50 കോടി രൂപ കോഴ വാ​ഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം.

എന്നാൽ സംഭവത്തിന് പിന്നിൽ ആന്റണി രാജുവാണെന്നും മന്ത്രിസ്ഥാന തർക്കം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാന തർക്കം വന്നപ്പോൾ മാത്രം വന്ന ആരോപണമാണ്. കുട്ടനാട്ടിലെ വികസനം കണ്ട് ആൻ്റണി രാജുവിന് സമനില തെറ്റിയിരിക്കുകയാണ്. ശരദ് പവാർ പക്ഷത്തു നിൽക്കുന്ന താൻ എങ്ങനെ അജിത് പവാറിൻ്റെ ആളാകുമെന്നും അദ്ദേഹം ചോദിച്ചു. 100 കോടി കൊടുക്കണമെങ്കിൽ ആദ്യം തനിക്ക് പണം തന്ന് വശത്താക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

കോഴ വാ​ഗ്ദാനം ചെയ്തെന്ന പരാതി നിലനിൽക്കുന്നതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടാതെ തോമസ് കെ തോമസ് പിന്തള്ളപ്പെട്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോ​ഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. ജനാധിപത്യ കേരള കോൺ​ഗ്രസ് നേതാവ് ആന്റണി രാജുവുമായും ആർഎസ്പി-ലെനിനിസ്റ്റ് കോവൂർ കുഞ്ഞുമോനുമായും വിഷയത്തിൽ തോമസ് കെ തോമസ് ചർച്ച നടത്തിയിരുന്നു.

ഓരോരുത്തർക്കം 50 കോടി വീതമായിരുന്നു വാ​ഗ്ദാനം ചെയ്തത്. കേരളത്തിനായി അജിത് പവാർ പക്ഷം 250 കോടി മാറ്റിവെച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നതായാണ് റിപ്പോർട്ട്. വിഷയത്തിൽ മുഖ്യമന്ത്രി ഇരു എംഎൽഎമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ കോഴ വാ​ഗ്ദാനം ശരിവെച്ചായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.