Kerala

ഹർത്താൽ ഭാഗികം, മുടക്കമില്ലാതെ കെഎസ്ആർടിസി

കോഴിക്കോട് ഇന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കെഎസ്‌ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്.

സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ വിട്ടുനിന്നെങ്കിലും സ്വകാര്യ ബസുകള്‍ പിന്നീട് സർവീസ് ആരംഭിച്ചിട്ടുണ്ട്. അന്തർ ജില്ലാ സർവീസുകളും പതിവുപോലെ നടക്കുന്നുണ്ട്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹോട്ടല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പത്ത് മണിക്ക് പ്രതിഷേധ പ്രകടനം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സര്‍വിസ് എന്നിവയെ നേരത്തെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികള്‍ അടക്കം ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എം കെ രാഘവന്‍ എംപിയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയെ അറിയിച്ചിരുന്നു.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് വിമത സംഘമാണ് വിജയിച്ചത്. ഭരണസമിതിയിലുണ്ടായ ഒരു വിഭാഗം കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി സ്വന്തമായാണ് കുറച്ചുകാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു. ഇവരെ പിന്തുണച്ച്‌ സിപിഐഎം എത്തുകയായിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയത്. പൊലീസ് നോക്കിനില്‍ക്കെ തന്നെ കോണ്‍ഗ്രസും സിപിഐഎമ്മും പലതവണ ഏറ്റുമുട്ടിയിരുന്നു. കള്ളവോട്ട് ആരോപിച്ചായിരുന്നു ഏറ്റുമുട്ടിയത്.