Kerala

പാലക്കാട് സ്ഥാനാർത്ഥിത്വം; ഡോ.പി. സരിൻ രാജിയിലേക്ക്?

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ സംഘടനയിൽ പൊട്ടിത്തെറി. കെ.പി.സി.സി മാധ്യമ വിഭാഗം തലവൻ ഡോ.പി.സരിനാണ് അതൃപതിയുമായി എത്തിയിരിക്കുന്നത്.

പാലക്കാട് ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി ഷാഫിയുടെ തന്നെ ആശീർവാദത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായത്. എന്നാൽ പാലക്കാടേക്ക് കോൺഗ്രസിൽ ഉയർന്നു കേട്ടിരുന്ന പ്രധാന പേരാണ് ‘സരിൻ്റേത്. ഇതിന് കെ.പി.സി.സി നേതൃത്വത്തിൽ പലർക്കും താൽപര്യവുമുണ്ടായിരുന്നു. എന്നാൽ അവസന നിമിഷം രാഹുലിന് തന്നെ നറുക്കു വീഴുകയായിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം രാഹുലിനെ പിന്തുണച്ചതായാണ് വിവരം. പ്രതിപക്ഷ നേതാവ് പാലം വലിച്ചു എന്നാണ് സരിൻ്റെയും ആക്ഷേപം.

ബി.ജെ.പി ശക്തികേന്ദ്രമായ പാലക്കാട് കോൺഗ്രസിലുണ്ടാവുന്ന ഇത്തരം പ്രശ്നങ്ങൾ വിജയ സാധ്യതയെ ബാധിക്കും. അതു കൊണ്ടു തന്നെ പരസ്യ പ്രസ്താവനയിലേക്ക് പോകുന്നതിന് മുൻപ് ഡോ.സരിനെ അനുനയിപ്പിക്കാൻ നേതൃത്വം രംഗത്തുണ്ട്. 11.45ന് മാധ്യമങ്ങളെ കാണുമെന്നാണ് സരിൻ വ്യക്തമാക്കിയത്. അതിനു മുൻപേ തിരക്കിട്ട കൂടിയാലോചനകളിലാണ് കോൺഗ്രസ് നേതൃത്വം. അതേ സമയം സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ എ.കെ ആൻ്റണിയെ കണ്ട് ആശീർവാദം വാങ്ങി പ്രചരണത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.