Kerala

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുറുവ സംഘാംഗത്തെ സാഹസികമായി പിടികൂടി

ഏറണാകുളം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയില്‍. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു ഇയാള്‍. കുണ്ടന്നൂർ നഗരത്തില്‍ 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഈ പ്രദേശങ്ങളിലെ ചതുപ്പില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. അതേസമയം, സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവർ സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു.

കൈവിലങ്ങോടെയാണ് സന്തോഷ് ചാടിപ്പോയത്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടു പേരെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ ആക്രമിച്ചാണ് കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി രക്ഷപ്പെട്ടതെന്ന് ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബു പറഞ്ഞു. തമിഴ് നാടോടി സ്ത്രീകളോടൊപ്പം പ്രതി ഒളിച്ചു കഴിയുകയായിരുന്നു. മണ്ണില്‍ കുഴി കുത്തി ഷീറ്റ് കൊണ്ട് മൂടിയാണ് ഒളിച്ചിരുന്നതെന്നും ഇയാളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.

രണ്ടു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ സന്തോഷ്‌ ശെല്‍വമാണ് രക്ഷപ്പെട്ടത്. നിലവില്‍ മണികണ്ഠൻ മണ്ണഞ്ചേരി എന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. പിടികൂടിയ ശേഷം ജീപ്പില്‍ കയറ്റുമ്ബോള്‍ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ജീപ്പിന്റെ വാതില്‍ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വനിതാ പോലീസ് ഇല്ലാത്തത് പ്രതിയെ പിടികൂടുന്നതിന് തിരിച്ചടിയായെന്നും ഡിവൈഎസ്പി വ്യക്തമാക്കി. രക്ഷപ്പെട്ട ഇടത്തു സ്കൂബ സംഘവും ഫയർ ഫോഴ്‌സും 50 അംഗ പൊലീസ് സംഘവുമാണ് തെരച്ചില്‍ നടത്തിയത്.

About the author

KeralaNews Reporter

Add Comment

Click here to post a comment