കല്‍പ്പറ്റ: വയനാട് ചൂരവല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്കാന് കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ വി തോമസ്. സഹായം സമയബന്ധിതമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യത്തോടെയാണ് കേന്ദ്ര മന്ത്രി ഇടപെട്ടതെന്നും കെ വി തോമസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയാണ് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്.
നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷയുണ്ടാക്കുന്നതാണ്. കേരളവുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രി പരിശോധിച്ചു. ദുരന്തവുമായി ബന്ധപ്പട്ട് കേന്ദ്രസംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും കേന്ദ്ര ധനകാര്യസമിതിക്ക് മുന്‍പിലുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമെങ്കില്‍ വയനാടിനായി ചിലവാക്കാമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് ദുരന്തം നടന്ന് നാല് മാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.
നേരത്തെ വയനാട് ദുരന്ത നിവാരണത്തിനായി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 153.467 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിക്കുന്നത്. എന്നാല്‍ ഇതിന്റെ 50 ശതമാനം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുമായി അഡ്ജസ്റ്റ് ചെയ്യും. നവംബര്‍ 16-ന് ചേര്‍ന്ന കേന്ദ്ര ഉന്നതതല സമിതി യോഗത്തിന്റേതായിരുന്നു തീരുമാനം.
2024 ജൂലൈ 30നായിരുന്നു നാടിനെ നടുക്കിയ ചൂരല്‍മല-മുണ്ടക്കൈ ദുരന്തമുണ്ടാകുന്നത്. മേപ്പാട് പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിവിടങ്ങളില്‍ പുലര്‍ച്ചയോടെ ഒന്നിലധികം തവണ ഉരുള്‍ പൊട്ടുകയായിരുന്നു.
Add Comment