Kerala

ആഢംബര ജീവിതം നയിച്ച റിജോ കള്ളനായതിങ്ങനെ

ചാലക്കുടി: പോട്ടയിലെ ബാങ്കില്‍ കത്തി കാട്ടി കവര്‍ച്ച നടത്താന്‍ പ്രതി റിജോയെ പ്രേരിപ്പിച്ചത് കടമാണെന്ന് മൊഴി. റിജോ കുറ്റം സമ്മതിച്ചു. പ്രത്യേക അന്വേഷസംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് പത്ത് ലക്ഷം രൂപ കണ്ടെടുത്തു. സംഭവം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിജോ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആഢംബര ജീവിതം നയിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ആഢംബര ജീവിതമാണ് കടബാധ്യതയുണ്ടാവാനുള്ള കാരണം. വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം റിജോ ധൂര്‍ത്തടിച്ചു. ഭാര്യ നാട്ടിലെത്താന്‍ സമയമായപ്പോഴാണ് കടം വീട്ടാനായി ഇയാള്‍ ബാങ്ക് കൊള്ളയടിച്ചത്. സ്വന്തം ബൈക്ക് വ്യാജനമ്പര്‍ വെച്ചാണ് റിജോ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളും പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി. പിടിച്ചെടുത്ത പണം ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് സ്കൂട്ടറിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.

വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കിൽ കവർച്ച നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്. ബൈക്കിൽ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോ​ഗിച്ച് തല്ലിത്തകര്‍ത്തു. പട്ടാപ്പകൽ ബാങ്കിലെത്തിയ പ്രതി കത്തി ചൂണ്ടി മിനിറ്റുകൾക്കുള്ളിലായിരുന്നു മോഷണം നടത്തിയത്. 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് പ്രതി എടുത്തത് എന്നതുൾപ്പെടെ കേസിൽ പലവിധ ദുരൂഹതകൾ നിലനിന്നിരുന്നു.