Kerala

എൽഡിഎഫ് പരസ്യം ഒരിക്കലും കോൺഗ്രസിനെ ബാധിക്കില്ല; കെ മുരളീധരൻ

തിരുവനന്തപുരം: എൽഡിഎഫിൻ്റെ പത്രപരസ്യത്തിൽ ഉള്ളത് ഒരിക്കലും ഒരു ഇടതു പക്ഷ പ്രസ്ഥാനം പറയാൻ പാടില്ലാത്ത കാര്യങ്ങളെന്ന് കെ മുരളീധരൻ. എൽഡിഎഫ് പരസ്യം ഒരിക്കലും കോൺഗ്രസിനെ ബാധിക്കില്ലായെന്നും. പാലക്കാടിനെ സംബന്ധിച്ച് വളരെ വലിയ ശുഭ പ്രതീക്ഷയിലാണ് കോൺഗ്രസെന്നും, അത് ഒരു ഘട്ടത്തിൽ പോലും താഴെ പോയിട്ടില്ല എന്നും കെ മുരളീധരൻ പറഞ്ഞു.

‘ഒരിക്കലും ഒരു ഇടതു പക്ഷ പ്രസ്ഥാനം ചെയ്യാൻ പാടില്ലാത്ത കാര്യമാണ് എൽഡിഎഫ് ചെയ്തത്. ഒരു സ്ഥാനാർത്ഥിയുടെ ​ഗുണ ഗണങ്ങളെ പറ്റി പറയുന്നതിന് പ്രശ്നമില്ല. ഒരു ​ഗവണ്‍മെൻ്റിനെ പറ്റി പറയുന്നതിലും പ്രശ്നമില്ല. പക്ഷെ കോൺ​ഗ്രസിൽ ചേർന്ന ഒരു വ്യക്തിയുടെ മുൻപ് സ്വീകരിച്ച രാഷട്രീയ നയത്തെ ഫോകസ് ചെയ്തുകൊണ്ട് വർ​ഗീയ രീതിയിലാണ് പരസ്യം പ്രചരിപ്പിച്ചത്. അതൊരു രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ല. പരസ്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. സന്ദീപ് വാര്യർ കോൺ​ഗ്രസിൽ ചേർന്നില്ലായിരുന്നെങ്കിൽ ഇവർക്ക് പരസ്യത്തിൽ വെക്കാൻ ഒന്നും ഉണ്ടാവുകയില്ലായിരുന്നു. സരിനെ പറ്റി രണ്ട് വാക്ക് മാത്രമാണ് അതിൽ ഉള്ളത്’, കെ മുരളീധരൻ വിമർശിച്ചു.