Kerala

സരിൻ്റെ പരസ്യം അനുമതിയില്ലാതെ

സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ ഇന്നുണ്ടായ എല്‍ഡിഎഫ് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തല്‍.

എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയത്. യഥാർത്ഥത്തില്‍ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നല്‍കേണ്ടത്.

പത്രപരസ്യത്തിന്റെ ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയില്‍ നല്‍കി, അന്തിമാനുമതി ലഭിച്ച ശേഷമേ പ്രസിദ്ധീകരിക്കാൻ സാധിക്കൂ. ജില്ലാ കളക്ടർ ആണ് ഈ പരസ്യങ്ങള്‍ക്ക് പ്രീ സർട്ടിഫിക്കേഷൻ നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും വിവാദ പരസ്യത്തിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയർത്തിക്കാട്ടി സിറാജ്, സുപ്രഭാതം പത്രങ്ങളിലാണ് എല്‍ഡിഎഫ് പരസ്യം നല്‍കിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാർത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയല്‍ എന്ന് പറയുന്നത്. സരിൻ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വ‌‍‍ർഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.