Politics

പാലായില്‍ സ്വന്തം ചെയര്‍മാനെ പുറത്താക്കാൻ യുഡിഎഫിനെ പിന്തുണച്ച് എല്‍ഡിഎഫ് അംഗങ്ങള്‍

കോട്ടയം: പാലാ നഗരസഭയില്‍ ഇടതുപക്ഷ ചെയര്‍മാനെ പുറത്താക്കാന്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് എല്‍ഡിഎഫ്. ചെയര്‍മാന്‍ ഷാജു വി തുരുത്തേലിനെയാണ് സ്വന്തം മുന്നണി അംഗങ്ങള്‍ യുഡിഎഫിൻ്റെ പിന്തുണയോടെ പുറത്താക്കിയത്. കേരള കോണ്‍ഗ്രസ് എം, സിപിഐ, സിപിഐഎം അംഗങ്ങള്‍ എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.

ഭരണ കെടുകാര്യസ്ഥത ഉണ്ടെന്ന് ആരോപിച്ചാണ് അവിശ്വാസം കൊണ്ടുവന്നത്. കാലാവധി കഴിഞ്ഞിട്ടും ചെയര്‍മാന്‍ സ്ഥാനം ഷാജു തുരുത്തല്‍ ഒഴിയാത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതെന്നാണ് വിവരം. സ്ഥാനമൊഴിയണമെന്ന് ഇന്നലെ 14 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ചെയര്‍മാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവിശ്വാസത്തെ പരാജയപ്പെടുത്തിയ ശേഷം രാജിവെക്കാം എന്നായിരുന്നു ചെയര്‍മാന്‍ ഷാജുവിന്റെ നിലപാട്.

കേരള കോണ്‍ഗ്രസിന് എമ്മിലെ ധാരണ പ്രകാരം അവസാനത്തെ ഒരു വര്‍ഷമാണ് ഷാജു വി തുരുത്തന് നല്‍കിയത്. ജോസ് കെ മാണി അടക്കം പറഞ്ഞിട്ടും രാജിവെക്കാത്ത സാഹചര്യത്തിലാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കടുത്ത നിലപാടിലേക്ക് എത്തിയത്.