Money

ഒരു എഫ്ഡി ആരംഭിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം…

നിലവിൽ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപ രീതിയാണ്  ഫിക്‌സഡ് ഡിപ്പോസിറ്റുകൾ. അപകടസാധ്യത കുറഞ്ഞതും സ്ഥിര വരുമാനം ഉറപ്പ് നൽകുന്നതുമാണ് സ്ഥിര നിക്ഷേപങ്ങൾ. ഒരു എഫ്ഡി തുടങ്ങുന്നത് വളരെ എളുപ്പമാണ്. എന്നാൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ബാങ്കുകളിലെ പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. ഒപ്പം കാലാവധി ബാങ്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് ഫീച്ചറുകൾ കൂടി പരിശോധിക്കണം. ഒരു എഫ്ഡി ആരംഭിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഇതാ, 

ഏത് തരം സ്ഥിര നിക്ഷേപം വേണം

ഒരു വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഏത് തരം സ്ഥിര നിക്ഷേപം വേണമെന്ന് തെരഞ്ഞെടുക്കേണ്ടത്. റെഗുലർ, ടാക്സ് സേവിംഗ് അല്ലെങ്കിൽ സീനിയർ സിറ്റിസൺ എഫ്ഡികൾ പോലുള്ള ഓപ്ഷനുകൾ ഉണ്ട്. നികുതി ലാഭിക്കുന്ന എഫ്ഡികൾ സെക്ഷൻ 80C ആനുകൂല്യങ്ങൾ നൽകുന്നു, കൂടാതെ മുതിർന്ന പൗരനാണെങ്കിൽ ഉയർന്ന പലിശയ്ക്ക് അര്ഹനായിരിക്കും.

രേഖകൾ 

എഫ്‌ഡി അക്കൗണ്ട് ആരംഭിക്കുമ്പോൾ ഫോട്ടോ, ഐഡൻ്റിറ്റി പ്രൂഫ്, വിലാസത്തിന്റെ തെളിവ് ഉദാഹരണത്തിന് ആധാർ കാർഡ്, യൂട്ടിലിറ്റി ബിൽ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്, എന്നിവ ഉണ്ടായിരിക്കണം.

ഓൺലൈൻ/ ഓഫ്‌ലൈൻ 

ബാങ്കിലെത്തിയോ അല്ലെങ്കിൽ ഓൺലൈനായോ അല്ലെങ്കിൽ ബാങ്കിന്റെ മൊബൈൽ ആപ്പ്  എഫ്ഡി അക്കൗണ്ട് ആരംഭിക്കാം. 

അപേക്ഷാ ഫോം

ഓൺലൈൻ ആണെങ്കിലും ഓഫ്‌ലൈൻ ആണെങ്കിലും അപേക്ഷാ ഫോം  പൂരിപ്പിച്ച് നൽകണം. ഇതിൽ നൽകുന്ന എല്ലാ വിവരങ്ങളും കൃത്യമാണെന്നും തെറ്റുകൾ ഇല്ലെന്നും ഉറപ്പാക്കണം. 

നിക്ഷേപം നടത്തുക

എഫ്ഡി ഇടുമ്പോൾ പണം, ചെക്ക് അല്ലെങ്കിൽ ഓൺലൈൻ ട്രാൻസ്ഫർ വഴി നിക്ഷേപ തുക നൽകാം. ഒപ്പം അപേക്ഷ ഫോമും നൽകണം. 

കാലാവധി 

നിക്ഷേപിക്കുന്ന വ്യക്തിയുടെ  സാമ്പത്തിക ലക്ഷ്യങ്ങളെയും ആവശ്യങ്ങളെയും അടിസ്ഥാനമാക്കി മാസങ്ങൾ മുതൽ വർഷങ്ങൾ വരെ കാലാവധിയായി തെരഞ്ഞെടുക്കാം. 

നിബന്ധനകളും വ്യവസ്ഥകളും

എഫ്‌ഡി അക്കൗണ്ടുകൾ ആരംഭിക്കുന്നതിന് മുൻപ് നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കണം. പലിശ, നേരത്തെയുള്ള പിൻവലിക്കൽ തുടങ്ങി എല്ലാ കാര്യങ്ങളും മനസിലാക്കിയിരിക്കണം.

എഫ്‌ഡി സർട്ടിഫിക്കറ്റ് 

നിക്ഷേപിച്ച് കഴിഞ്ഞാൽ ഒരു എഫ്‌ഡി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രസീത് ലഭിക്കും, അത് നിക്ഷേപത്തിൻ്റെ തെളിവായാണ് കണക്കാക്കുന്നത്. കൂടാതെ അതിൽ തുക, പലിശ നിരക്ക്, കാലാവധി, മെച്യൂരിറ്റി തീയതി തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയിട്ടുണ്ടാകും.