കാസർകോട്: ഏറെ നേരം കുട്ടികളെ ഭീതിയിലാഴ്ത്തി സ്കൂള്‍ കളിസ്ഥലത്ത് പൊടിപാറിച്ച് കാറുകളുടെ അഭ്യാസപ്രകടനം.
കുമ്ബളയ്ക്കടുത്ത് ബംബ്രാണ ഗവ. ബേസിക് എല്‍.പി. സ്കൂള്‍ കളിസ്ഥലത്താണ് അഭ്യാസപ്രകടനം.
സ്കൂള്‍ പ്രഥമാധ്യാപകന്റെ പരാതിയില്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു 19-കാരനെതിരേയും 17 -കാരനെതിരേയും കുമ്ബള പോലീസ് കേസെടുത്തു. 14-നായിരുന്നു സംഭവം. സ്കൂളില്‍ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അതിവേഗത്തില്‍ കാറുകളെത്തിയത്.
എന്തു സംഭവിക്കുന്നുവെന്നറിയാതെ പിഞ്ചുകുട്ടികളും അധ്യാപികമാരും സ്തബ്ധരായി. കാറുകള്‍ അതിവേഗത്തില്‍ തലങ്ങും വിലങ്ങും ഓടിച്ചതിനാല്‍ രൂക്ഷമായ പൊടിശല്യവുമുണ്ടായി.
കാറുകളുടെ അതിവേഗത്തിലുള്ള ഓട്ടം ഒരാള്‍ വീഡിയോയില്‍ പകർത്തുന്നുമുണ്ടായിരുന്നു. പോലീസ് പരിശോധനയില്‍ രണ്ടു കാറുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
പ്രായപൂർത്തിയാകാത്ത ആളിന് കാർ ഓടിക്കാൻ നല്‍കിയതിന് രക്ഷിതാവിന്റെ പേരില്‍ കേസെടുക്കുമെന്ന് കുമ്ബള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ പറഞ്ഞു. സ്കൂളിന് ചുറ്റുമതില്‍ ഇല്ലാത്തതാണ് പ്രശ്നമെന്നും, ചുറ്റുമതില്‍ പണിയണമെന്ന് ബാലാവാകാശ കമ്മിഷൻ അഞ്ച് വർഷം മുൻപ് ഉത്തരവിട്ടിരുന്നുവെന്നും, ഇതുവരെ നടപ്പിലായിട്ടില്ലെന്നും പ്രഥമാധ്യാപകൻ ബി.കെ. സത്യപ്രകാശ് പറഞ്ഞു.
Add Comment