തൊഴില്‍ തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ നാട്ടില്‍ തിരിച്ചെത്തി. കോഴിക്കോട് സ്വദേശികളായ മണിയൂർ എടത്തുംകര അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂല്താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ ദേവ്, പതിയാരകരയില് ചാലുപറമ്ബത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മിത്തല്‍ അശ്വന്ത്, എടപ്പാള്‍ സ്വദേശി അജ്മല്‍, മംഗളൂരുവിലെ റോഷൻ ആന്റണി എന്നിവരാണ് എത്തിയത്.
ഞായറാഴ്ച രാത്രി 11.30-ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവർ നെടുമ്ബാശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തി തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച് വിശദമായ മൊഴി നല്കിയ ശേഷം തിങ്കളാഴ്ച വീടുകളിലേക്ക് പോയി. രഹസ്യാന്വേഷണ വിഭാഗവും ഇവരുടെ മൊഴി എടുത്തിട്ടുണ്ട്. കൃത്യമായി ഭക്ഷണംപോലും കഴിക്കാൻ കഴിയാതിരുന്നതിനാല്‍ അവശരായാണ് ഇവർ കൊച്ചിയിലിറങ്ങിയത്. എങ്കിലും ജീവനോടെ നാട്ടിലെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണിവർ.
ഒക്ടോബർ മൂന്നിനാണ് ഇവർ ബെംഗളൂരുവില്‍നിന്ന് തായ്ലാൻഡിലേക്ക് പുറപ്പെട്ടത്. അനുരാഗ്, നസറുദീൻ ഷാ, അഥിരഥ്, മുഹമ്മദ് റാസില്‍ എന്നിവരാണ് ജോലി വാഗ്ദാനം ചെയ്തത്. ഇതില്‍ അനുരാഗ് ഉള്‍പ്പെടെയുള്ള ചിലരെ ഇവർക്ക് പരിചയമുണ്ട്. വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിച്ചത്.
ചതിച്ചത് സുഹൃത്തുക്കള്‍
നെടുമ്ബാശ്ശേരി: വിദേശത്തേക്ക് കൊണ്ടുപോയതും കംബോഡിയയില്‍ വില്പന നടത്തിയതും സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട സംഘമെന്ന് തട്ടിപ്പിന് ഇരയായവർ. പരസ്യ കമ്ബനികളിലും ഐ.ടി. കമ്ബനികളിലും ജോലി വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്.
കംബോഡിയയില്‍ കുടുങ്ങിയ പേരാമ്ബ്ര സ്വദേശി അബിനെ തിരിച്ചുകൊണ്ടുവരണമെന്നും അബിന്റെ ജീവൻ അപകടത്തിലാണെന്നും മടങ്ങിയെത്തിയവർ പറഞ്ഞു. ഒരു ലക്ഷം രൂപ വീതം ഓരോരുത്തരും വിസയ്ക്കായി നല്‍കിയിരുന്നു. തായ്ലാൻഡില് എത്തിയശേഷം കംബോഡിയയില്‍ ആണ് ജോലി എന്നുപറഞ്ഞ് അങ്ങോട്ടേയ്ക്ക് കൊണ്ടുപോയി. 2500 ഡോളർ വീതം വരെ വാങ്ങി തങ്ങളെ കംബോഡിയൻ കമ്ബനിക്ക് വില്‍ക്കുകയായിരുന്നു. സൈബർ തട്ടിപ്പ് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്ന കമ്ബനിയിലാണ് ജോലി ചെയ്യേണ്ടിയിരുന്നത്. ഇതിനു വിസമ്മതിച്ചതോടെ സുരക്ഷാ ജീവനക്കാർ ഇലക്ട്രിക് ദണ്ഡുകൊണ്ടും ഇരുമ്ബുവടികൊണ്ടും മർദിച്ചു. ഒരാളുടെ എല്ല് പൊട്ടിയെന്നും മടങ്ങിയെത്തിവർ പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. കേസ് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുമെന്ന് നെടുമ്ബാശ്ശേരി സ്റ്റേഷൻ ഓഫീസർ സാബു അറിയിച്ചു.
Add Comment