മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ആശംസകളുമായി മമ്മൂട്ടി. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ബറോസ് എന്ന സിനിമയ്ക്ക് ഉതകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മമ്മൂട്ടി കുറിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ തന്റെ പ്രിയ സുഹൃത്തിന് ആശംസകൾ നേർന്നിരിക്കുന്നത്.
‘ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ്’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമയ്ക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി,’ എന്ന് നടൻ കുറിച്ചു.
ബറോസിന്റെ റിലീസിന് മൂന്നോടിയായി ചിത്രത്തിന്‍റെ പ്രിവ്യൂ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു. സംവിധായകൻ മണിരത്‌നം, നടി രോഹിണി, നടൻ വിജയ് സേതുപതി തുടങ്ങിയവർ ഷോയിൽ പങ്കെടുത്തിരുന്നു. ഈ പ്രിവ്യൂ ഷോയിൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
സിനിമയിലെ കഥാപാത്രങ്ങളും ത്രീ ഡി എഫക്ടുമെല്ലാം നന്നായി ഇഷ്ടപ്പെടുമെന്നും ബറോസ് കുടുംബസമേതം കാണാൻ സാധിക്കുന്ന സിനിമയായിരിക്കുമെന്നും വിജയ് സേതുപതി പറഞ്ഞു. സിനിമയുടെ കഥയെയും ക്യാമറ വർക്കിനെയും മോഹൻലാലിന്റെ സംവിധാന മികവിനെയുമെല്ലാം നടി രോഹിണി പ്രകീർത്തിച്ചു.
ബറോസ് പ്രധാനമായും കുട്ടികൾക്കായുള്ള സിനിമയാണെന്നും ഒരു ദൃശ്യവിരുന്നാണെന്നുമാണ് പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഒരു ഹോളിവുഡ് സിനിമ കണ്ടിറങ്ങിയ അനുഭവമാണ് സിനിമ സമ്മാനിച്ചത് എന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു.
ക്രിസ്മസ് ദിനമായ ഡിസംബർ 25 നാണ് ബറോസ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.’മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Add Comment