Kerala

ശാന്തിമഠം വില്ല തട്ടിപ്പിൽ മാനേജിങ് പാർട്ണർ പിടിയിൽ

ഗുരുവായൂർ: ശാന്തിമഠം വില്ല തട്ടിപ്പ് കേസില്‍ മാനേജിങ് പാർട്ണർ അറസ്റ്റില്‍. നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ രഞ്ജിഷ48)യാണ് അറസ്റ്റിലായത്.

പണം വാങ്ങിയ ശേഷം വില്ല നിർമിച്ചു നല്‍കാതെ ചതിച്ചുവെന്ന പരാതികളില്‍ 35 കേസുകളില്‍ പ്രതിയായ രഞ്ജിഷ വിചാരണയ്ക്ക് ഹാജരാകാതിരുന്നതോടെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് പാലക്കാട് കൊല്ലങ്കോട് നിന്നും ഇവരെ അറസ്റ്റ് ചെയ്തത്.

ശാന്തിമഠം വില്ല തട്ടിപ്പുമായി ബന്ധപ്പെട്ട് 2012 മുതല്‍ 2018 വരെ ഗുരുവായൂർ പൊലീസില്‍ നൂറിലധികം കേസുകള്‍ റജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ രഞ്ജിഷ പ്രതിയായുള്ള 35 കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതോടെയാണ് പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഇതേത്തുടർന്ന് ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.എം.ബിജു, തൃശൂർ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.സുഷീർ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മറ്റൊരു പ്രതി രാകേഷ് മനു നേരത്തെ അറസ്റ്റിലായിരുന്നു.

ഗുരുവായൂർ സ്റ്റേഷൻ എസ്‌എച്ച്‌ഒ സി.പ്രേമാനന്ദകൃഷ്ണൻ, എസ്‌ഐമാരായ ശരത് സോമൻ, കെ.എം.നന്ദൻ, സീനിയർ സിപിഒ ജാൻസി, സിപിഒ റെനീഷ്, തൃശൂർ സിറ്റി സ്‌ക്വാഡിലെ എസ്‌ഐ റാഫി, എഎസ്‌ഐ പളനിസാമി, സീനിയർ സിപിഒമാരായ പ്രദീപ് കുമാർ, സജി ചന്ദ്രൻ, സിപിഒമാരായ സിംപ്സണ്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.