മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. അറസ്റ്റിലായ സന്തോഷ് സെല്‍വം ഈ സംഘത്തില്‍പ്പെട്ടയാളാണ്.
14 പേരടങ്ങുന്ന സംഘം താവളമടിച്ചിട്ടുണ്ട്. സന്തോഷിനെതിരേ തമിഴ്നാട്ടില്‍ 18 കേസും കേരളത്തില്‍ എട്ട് കേസുമുണ്ട്. മോഷണത്തില്‍ സ്ത്രീകളുടെ പങ്ക് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
കേസില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാത്രം ആശ്രയിക്കാനാവുമായിരുന്നില്ല. വീട്ടുകാർ ആരും പ്രതികളില്‍ ആരെയും കണ്ടിരുന്നില്ല. കുറുവാസംഘത്തിന്റെ അകത്തുതന്നെയുള്ള സ്പർധ മുതലെടുത്ത് പ്രതികളിലെത്തുകയായിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന സന്തോഷ് സെല്വത്തിലെത്തിയതെന്നും ആലപ്പുഴ ഡിവൈ.എസ്.പി. എം.ആർ. മധു ബാബു പറഞ്ഞു.
സംഘത്തിലെ പതിന്നാലോളം പേർ പല ഭാഗങ്ങളിലായി താവളമടിച്ചാണ് മോഷണം നടത്തുന്നത്. അതുപോലെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഈ ശൃംഖല പ്രവർത്തിക്കുന്നുണ്ട്. ഇവരില്‍ ചില വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മുതലെടുത്താണ് പ്രതികളിലേക്കെത്തിയത്. കുണ്ടന്നൂരിലെ ഇവരുടെ കൂടാരങ്ങളില്‍നിന്ന് സ്വർണമെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പിടികൂടിയ മണികണ്ഠൻ കൊച്ചി സ്വദേശിയാണ്. എന്നാല്‍ മോഷണസംഘത്തിലെ ബഹുഭൂരിപക്ഷം പേരും തമിഴ്നാട്ടിലെ കാമാച്ചിപുരം സ്വദേശികളാണ്. കുറുവ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന ഒരു പ്രദേശമാണ് കാമാച്ചിപുരം. പിടികൂടിയ സന്തോഷിനെതിരേ തന്നെ തമിഴ്നാട്ടില്‍ പതിനെട്ട് കേസുകളും കേരളത്തില്‍ എട്ട് കേസുകളുമുണ്ടെന്ന് മനസ്സിലാക്കാനായി. ഇനിയും കേസുകളുണ്ട്. സന്തോഷ് തന്നെ സ്വയം അവകാശപ്പെടുന്നത് മുപ്പതോളം കേസുകളിലെ പ്രതിയാണെന്നാണെന്നും പോലീസ് പറഞ്ഞു.
മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമാണ്. അതേസമയം മണികണ്ഠന്റെ കാര്യത്തില്‍ ചില അവ്യക്തതകളുണ്ട്. കേസിലെ രണ്ടാംപ്രതി ആരാണെന്നതില്‍ വ്യക്തത വന്നിട്ടുണ്ട്. പ്രതി വഴുതിമാറാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ലെന്നും പോലീസ് പറഞ്ഞു. സി.സി.ടി.വി.യില്‍ പതിഞ്ഞതുപോലെ വീണ്ടും വേഷം കെട്ടിച്ച് ട്രയല്‍ നടത്തിയാണ് സന്തോഷ് തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്. നെഞ്ചില്‍ പച്ച കുത്തിയതടക്കം തെളിവായി. എന്നാല്‍ സി.സി.ടി.വി.യില്‍ പതിഞ്ഞ രണ്ടാമത്തെ ആള് ആരെന്നതില്‍ വ്യക്തതയില്ല. മണികണ്ഠൻ പോലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും കേസിലെ പങ്ക് തെളിയിക്കാനായിട്ടില്ല. അയാള്‍ക്ക് ഈ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുണ്ടന്നൂരില്‍ കഴിയുന്ന സന്തോഷ് രാവിലെ ട്രെയിനില്‍ ആലപ്പുഴയിലെത്തി വീടുകള്‍ കണ്ടെത്തി മോഷണത്തിന് പദ്ധതിയിടുന്നതാണ് രീതി. ഈ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കില്ല. തുടർന്ന് രാത്രിയെത്തി മോഷണം നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴയുടെ വടക്കൻ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളില്‍ കള്ളൻ കയറിയിരുന്നു. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയല്‍വാസി മരിച്ചതിനെ തുടർന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ കയറി.
മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകർത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവർന്നു. ഒരാളുടെ മൂന്നരപ്പവൻ സ്വർണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.
മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
Add Comment