ഇപിഎഫ്ഒ വെബ്സൈറ്റില്‍ കയറി വ്യക്തിപരമായ വിവരങ്ങളിലെ തെറ്റ് ഇനിമുതല്‍ അംഗങ്ങള്‍ക്ക് സ്വയം തിരുത്താം. തൊഴിലുടമ വഴി ഇപിഎഫ്ഒയില്‍ അപേക്ഷിക്കണമെന്ന നിബന്ധനയാണ് ഇതിലൂടെ ഒഴിവാക്കിയത്. ഇപിഎഫ്ഒ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അംഗങ്ങള്‍ക്ക് പേര്, വിലാസങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഇനിമുതല്‍ സ്വയം തിരുത്താന്‍ കഴിയും. ആധാര്‍ വെരിഫൈഡ് അക്കൗണ്ട് ഉടമകളുടെ അത്തരം മാറ്റങ്ങള്‍ക്ക് ഇനി സ്ഥാപനത്തിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ജീവനക്കാരന് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഉണ്ടെങ്കില്‍, തൊഴിലുടമയുടെ പരിശോധന കൂടാതെയും ഇപിഎഫ്ഒയുടെ അംഗീകാരമില്ലാതെയും തന്റെ സ്വകാര്യ വിവരങ്ങളിലെ ഏറ്റവും സാധാരണമായ പിശകുകള്‍ സ്വയം തിരുത്താന്‍ അനുവദിച്ചുകൊണ്ടാണ് ഇപിഎഫ്ഒ പോര്‍ട്ടലില്‍ പ്രക്രിയ ലളിതമാക്കിയത്. മുന്‍പ് രജിസ്ട്രേഷനിലൂടെയോ അതിനുശേഷമോ പേര്, വൈവാഹിക നില, സേവന വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിലെ സാധാരണ പിശകുകള്‍ പരിഹരിക്കുന്നതിന്, ഒരു ജീവനക്കാരന്‍ അനുബന്ധ രേഖകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി അഭ്യര്‍ത്ഥന നടത്തേണ്ടതുണ്ട്. അപേക്ഷ തൊഴിലുടമ പരിശോധിച്ചുറപ്പിക്കുകയും തുടര്‍ന്ന് അംഗീകാരത്തിനായി ഇപിഎഫ്ഒയ്ക്ക് അയയ്ക്കുകയുമായിരുന്നു പതിവ്. സങ്കീര്‍ണമായ ഈ നടപടിക്രമമാണ് ഇപിഎഫ്ഒ ലളിതമാക്കിയത്.
ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയ 2017 ഒക്ടോബര്‍ 1 ന് ശേഷം യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ അനുവദിച്ച ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. 2017 ഒക്ടോബര്‍ 1 ന് മുമ്പ് യുഎഎന്‍ നല്‍കിയിട്ടുണ്ടെങ്കില്‍, ഇപിഎഫ്ഒയുടെ അനുമതിയില്ലാതെ തൊഴിലുടമയ്ക്ക് തിരുത്തലുകള്‍ വരുത്താവുന്നതാണ്. അത്തരം കേസുകള്‍ക്ക് അനുബന്ധ രേഖയുടെ ആവശ്യകതയും ലളിതമാക്കിയിട്ടുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. ഇപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക്, തൊഴിലുടമ മാറുമ്പോള്‍ അക്കൗണ്ട് പുതിയ കമ്പനിയിലേക്കു മാറ്റാന്‍ നേരിട്ട് അപേക്ഷിക്കാമെന്നും പഴയ തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നതടക്കമുള്ള മാറ്റങ്ങള്‍ വരുത്തിയതായും മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
Add Comment