Travel

ബെംഗളൂരുവിലെ മെട്രോ റെയില്‍ യാത്ര നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ച് ബിഎംആര്‍സിഎല്‍

ബെംഗളൂരുവിലെ മെട്രോ റെയില്‍ യാത്ര നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ച് ബിഎംആര്‍സിഎല്‍. ഒല, ഉബര്‍ എന്നീ ടാക്‌സി യാത്രക്കാരെ പോലെ, പീക്ക് സമയത്തിനും അല്ലാത്ത സമയത്തിനും വെവ്വേറെ താരിഫുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിഎംആര്‍സിഎല്ലിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. പരമാവധി നിരക്ക് 60 രൂപയില്‍ നിന്ന് 90 രൂപയായും മിനിമം ബാലന്‍സ് 50 രൂപയില്‍ നിന്ന് 90 രൂപയായും വര്‍ധിപ്പിച്ചു.

0-2 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 10 രൂപ, 2 കിലോമീറ്റര്‍ മുതല്‍ 4 കിലോമീറ്റര്‍ വരെ – 20 രൂപ, 4 കിലോമീറ്റര്‍ മുതല്‍ 6 കിലോമീറ്റര്‍ വരെ – 30 രൂപ, 6 കിലോമീറ്റര്‍ മുതല്‍ 8 കിലോമീറ്റര്‍ വരെ – 40 രൂപ, 8 കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ – 50 രൂപ, 10 കിലോമീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ വരെ – 60 രൂപ, 15 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ – 70 രൂപ, 20 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ – 80 രൂപ, 25 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ അതിനു മുകളിലുള്ള യാത്രയ്ക്ക് 90 രൂപയുമായിരിക്കും നിരക്ക്.

ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി 2024 ഡിസംബര്‍ 16-ന് പുതുക്കിയ നിരക്ക് ഘടന ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിഎംആര്‍സിഎല്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ, പുതുക്കിയ നിരക്ക് ഘടന 2025 ഫെബ്രുവരി 9 മുതല്‍ പ്രാബല്യത്തില്‍ വരും. സ്മാര്‍ട്ട് കാര്‍ഡുകള്‍ക്ക് പീക്ക് സമയത്ത് അഞ്ച് ശതമാനം അധിക കിഴിവ് വാഗ്ദാനം ചെയ്യുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. മെട്രോ സംവിധാനത്തില്‍ പ്രവേശിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി ഓഫ്-പീക്ക് അവര്‍ യാത്രയ്ക്ക് 10 ശതമാനം കിഴിവ് ഇത് ബാധകമായിരിക്കും. ഞായറാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ക്ക് 10 ശതമാനം നിരക്കില്‍ കിഴിവ് ഓഫര്‍ ഉണ്ടായിരിക്കുമെന്നും മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു.