കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യവകുപ്പ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് സന്നദ്ധ സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യവകുപ്പ് രണ്ട് റേഷന്‍കടകളിലൂടെ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് പരാതികളില്ല. മറ്റ് കിറ്റുകളും സര്‍ക്കാര്‍ വിതരണം ചെയ്തത് റേഷന്‍ കടകളിലൂടെയാണ്. അതിലും ആക്ഷേപം ഉണ്ടായിട്ടില്ല. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. വിഷയം പരിശോധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
മേപ്പാടി പഞ്ചായത്തില്‍ വിതരണം ചെയ്ത വസ്തുക്കൾക്കെതിരെയാണ് പരാതി. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരിയും മാവ്, റവ തുടങ്ങിയ വസ്തുക്കളുമാണ് ദുരിത ബാധിതര്‍ക്ക് ലഭിച്ചത്. മൃഗങ്ങള്‍ക്ക് പോലും കൊടുക്കാന്‍ സാധിക്കാത്ത ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. കിറ്റില്‍ ഉത്തരവാദിത്തമില്ലെന്നും പഞ്ചായത്ത് പ്രതികരിച്ചു. പല സംഘടനകളും കിറ്റ് നല്‍കുന്നുണ്ട്. അതെല്ലാം വിതരണം ചെയ്യുന്നുണ്ട്. ഇലക്ഷന്‍ പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ട് പഞ്ചായത്ത് ഭരണസമിതി ഇടപെടുന്നില്ല. ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടാണ് കിറ്റ് നല്‍കിയത്. അപാകത വരാന്‍ സാധ്യതയില്ല. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും അപാകതകളുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പ്രതികരിച്ചു.
Add Comment