പാലക്കാട്: പാലക്കാട്ടെ കെപിഎം റീജന്‍സിയില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. സ്വയം സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വന്നുവെന്ന് മന്ത്രി പറഞ്ഞു. യാത്രയില്‍ എപ്പോഴും ബാഗുണ്ടാകുമെന്ന് പറഞ്ഞയാള്‍ ആ ബാഗ് ഇല്ലാത്ത മറ്റൊരു വണ്ടിയില്‍ കയറി. വിഷയത്തില്‍ സതീശനും കുട്ടി സതീശനും വിശദീകരണം നല്കട്ടെയെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ എന്തും ചെയ്യുന്നവരാണെന്നും എം ബി രാജേഷ് പറഞ്ഞു. കിഴക്കോട്ട് പോകുന്നു എന്ന് പറഞ്ഞാല്‍ പടിഞ്ഞാറോട്ടേക്ക് നോക്കണം എന്നതാണ് അവസ്ഥ. കോണ്‍ഗ്രസിന്റേത് വ്യാജ കാര്‍ഡും വ്യാജ വാക്കുമാണെന്നും എം ബി രാജേഷ് പരിഹസിച്ചു.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന് കുരുക്ക് മുറുകുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാലക്കാട്ടെ ഹോട്ടല്‍ കെപിഎം റീജന്‍സിയില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഹോട്ടലില്‍ നിന്ന് പുറത്തേയ്ക്കുവരുന്ന രാഹുലും ഫെനിയുമാണ് ദൃശ്യത്തിലുള്ളത്. ഫെനി ഹോട്ടലില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന നീല ട്രോളി ബാഗും മറ്റൊരു ബാഗും വെള്ള ഇന്നോവ ക്രിസ്റ്റയില്‍വെയ്ക്കുന്നത് ദൃശ്യത്തിലുണ്ട്. ഈ സമയം രാഹുലും ഈ കാറിന് സമീപത്തേയ്ക്ക് വരുന്നുണ്ട്. അതിന് ശേഷം ഫെനി നൈനാന് ഈ കാറില്‍ കയറിപ്പോകുകയാണ്. സമീപത്ത് നിര്‍ത്തിയിട്ട ഗ്രേ നിറത്തിലുള്ള കാറിലാണ് രാഹുല്‍ കയറുന്നത്. ഇതും വീഡിയോയിലുണ്ട്.
കോഴിക്കോട് കാന്തപുരം മുസ്ലിയാരെ കാണാന്‍ പോകുന്നതിന് വേണ്ടി കരുതിയ വസ്ത്രങ്ങളായിരുന്നു നീല ട്രോളി ബാഗില്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ പ്രതികരിച്ചത്. വസ്ത്രം നല്ലതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് വസ്ത്രം അടങ്ങിയ ട്രോളി ബാഗ് ഹോട്ടലിന് അകത്തേയ്ക്ക് കൊണ്ടുവന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ പെട്ടി കൊണ്ടുപോയത് കോണ്‍ഫറന്‍സ് മുറിയിലേക്കായിരുന്നു. ഇതേപ്പറ്റി വിവാദമുണ്ടായപ്പോള്‍ ഒഫീഷ്യല്‍ യോഗമായിരുന്നില്ലെങ്കിലും വസ്ത്രം ഷാഫിയെക്കൂടി കാണിക്കാനാണ് കോണ്‍ഫറന്‍സ് മുറിയിലേക്ക് കൊണ്ടുവന്നതെന്നും രാഹുല്‍ വിശദീകരിച്ചിരുന്നു. ഇതിന് മറുപടി നല്‍കുന്നതാണ് പുതിയ വീഡിയോ.
Add Comment