Kerala

മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് വര്‍ഗീയ നിലപാട് എടുത്തു. മതനിരപേക്ഷ നിലപാട് ലീഗ് മറക്കുകയാണ്. മുസ്‌ലിം ഏകീകരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിതമായ രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കേരളത്തില്‍ സീറ്റ് കച്ചവടം ചെയ്തു. മുസ്‌ലിം ഏകോപനം നടത്താന്‍ ലീഗ് പ്രവര്‍ത്തനം നടത്തുകയാണ്. മതനിരപേക്ഷത പറഞ്ഞ ശേഷം വര്‍ഗീയ സംഘടനകളുമായി യുഡിഎഫ് ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പാലക്കാട് തിരഞ്ഞെടുപ്പിന് ശേഷം എന്തിനാണ് എസ്ഡിപിഐ പ്രകടനം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

നാല് വോട്ടിന് വേണ്ടി നിലപാട് പണയം വെക്കുന്ന സംവിധാനമല്ല എല്‍ഡിഎഫ്. ലീഗിനെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പാര്‍ട്ടിയും സര്‍ക്കാരും അതില്‍ ഉറച്ചുനില്‍ക്കുന്നു. ലീഗിന്റെ വര്‍ഗീയ നിലപാടിനെ ശക്തമായി എതിര്‍ക്കും. ലീഗിന്റെ വര്‍ഗീയ നിലപാടിനെ ഉപയോഗിക്കുന്നത് കോണ്‍ഗ്രസ്. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ എന്നാണ് പറയുന്നത്. എന്നാല്‍ അവരും കാണിക്കുന്നത് വര്‍ഗീയത തന്നൊണെന്നും ഈ തറ ഏര്‍പ്പാട് കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം ശക്തമായി എതിര്‍ക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ആര്‍എസ്എസും ലീഗും ആയി വ്യത്യാസമില്ലാതായി. ഭരണഘടന വിവാദം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അതില്‍ താന്‍ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിലാണ് വീണ്ടും വിമര്‍ശനം. ലീഗ് മന്ത്രിസ്ഥാനത്തിന് മുന്‍തൂക്കം നല്‍കിയെന്നും കോണ്‍ഗ്രസിന്റെ കൂടെ മന്ത്രിസഭയില്‍ തുടര്‍ന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം (നായനാര്‍ ഭവന്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാണക്കാട് സാദിഖലി തങ്ങള്‍ക്ക് എതിരെയല്ല, ലീഗിന്റെ നിലപാടിനെതിരെയാണ് തന്റെ വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രീതി ആത്യന്തികമായി ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment