തിരുവനന്തപുരം: എൻ പ്രശാന്തും ജയതിലകും തമ്മിലുള്ള ഐഎഎസ് പോരിൽ നിർണായക വഴിത്തിരിവായേക്കാവുന്ന രേഖകൾ പുറത്ത്. എൻ പ്രശാന്ത് ഫയൽ മുക്കിയില്ല എന്ന് തെളിയിക്കുന്ന, ഫയലുകൾ കൈമാറിയെന്ന് മന്ത്രിയുടെ ഓഫീസ് സമ്മതിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.
ഉന്നതി പദ്ധതിയുടെ ഫയലുകൾ സിഇഒ ആയിരുന്ന എൻ പ്രശാന്ത് മുക്കി എന്നതായിരുന്നു ആരോപണം. എന്നാൽ സ്ഥാനമൊഴിഞ്ഞപ്പോൾ പ്രശാന്ത് ഫയലുകൾ മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഫയൽ മുക്കിയെന്ന് ജയതിലക് റിപ്പോർട്ട് ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ആ റിപ്പോർട്ട് ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് ഒരു പത്രം വാർത്തയാക്കിയത്.
ഈ റിപ്പോർട്ടിനെതിരെയായിരുന്നു പ്രശാന്ത് ഫേസ്ബുക്കിൽ തുറന്നെഴുതിയത്. 13.05.24ന് ആണ് ഫയലുകൾ ജയതിലക് ഏറ്റുവാങ്ങിയത്. ചീഫ് സെക്രട്ടറി ഈ ഭാഗം അന്വേഷണത്തിൽ പരിശോധിച്ചില്ല. ഈ ഫയൽ കെ ഗോപാലകൃഷ്ണൻ ഐഎഎസ്സിന് കൈമാറിയതായും രേഖകളുണ്ട്.
അതേസമയം, വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനുമെതിരെ സർക്കാർ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യുകയാണ് സർക്കാർ ചെയ്തത്. മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യപ്രതികരണത്തിലാണ് എന്‍ പ്രശാന്തിനെതിരെ നടപടി. ഇരുവരും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ചായിരുന്നു നടപടി.
Add Comment