Entertainment

തിയേറ്ററുകളിലെത്തി വിടാമുയർച്ചി; തുനിവിനെ മറികടക്കാനായില്ല

അജിത്-മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു അജിത് ചിത്രം തിയേറ്ററുകളിലെത്തുന്നത് എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ചതും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓണിം​ഗ് കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ചിത്രം ഇന്ത്യൻ ബോക്സ് ഓഫ്സിൽ നിന്ന് 22 കോടി രൂപ നേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിടാമുയർച്ചിയുടെ തമിഴ് പതിപ്പ് 21.5 കോടി നേടിയപ്പോൾ തെലുങ്ക് പതിപ്പ് 0.5 കോടിയാണ് നേടിയത്. ഇതോടെ ഈ വർഷം കോളിവുഡ് സിനിമകളിലെ ബെസ്ററ് ഓപ്പണിങ് വിടാമുയർച്ചിയുടെ പേരിലായിരിക്കുകയാണ്. എന്നാൽ അജിത്തിന്റെ മുൻ ചിത്രമായ തുനിവിന്റെ ആദ്യദിന കളക്ഷൻ ചിത്രത്തിന് മറികടക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. 24.4 കോടിയായിരുന്നു തുനിവ് ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. ‘വേതാളം’ എന്ന സിനിമക്ക് ശേഷം അനിരുദ്ധ് – അജിത് കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.