Kerala

മുനമ്പം ഭൂമി പ്രശ്‌നം; പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഭൂമിയുടെ രേഖകള്‍ കമ്മീഷന്‍ പരിശോധിക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുനമ്പത്തെ താമസക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും യോഗത്തില്‍ വ്യക്തമാക്കി. നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മൂന്ന് മാസത്തിനകം വിഷയം വ്യക്തമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ വ്യക്തമാക്കി. അത് വരെ താമസക്കാർക്ക് വഖഫ് നോട്ടീസുകൾ അയക്കരുതെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജഡ്ജ് രാജന്‍ തട്ടിലാണ് വിലക്കേര്‍പ്പെടുത്തിയത്. മുനമ്പം കേസില്‍ ഫറൂഖ് കോളേജിന്റെ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് മാധ്യമ വിലക്ക്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റേതാണ് നിര്‍ദ്ദേശം.

അതേസമയം തീരുമാനത്തിൽ നിരാശയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ രംഗത്തെത്തി. സർക്കാർ തീരുമാനത്തിൽ തൃപ്തിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. സംഭവത്തിൽ പന്തംകൊളുത്തി പ്രതിഷേധിക്കുകയാണ്. ഭൂമി കരമടക്കാൻ രീതിയിലേക്ക് കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരൂടെ ആവശ്യം.

2019ല്‍ ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് കമ്മറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.

അതേസമയം മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചു. നിയമവശങ്ങള്‍ ഇന്ന് പരിശോധിക്കും. നിരവധി നിയമപ്രശ്നങ്ങള്‍ ഉണ്ട്. ഏത് രീതിയിലാണ് അവിടത്തെ താമസക്കാരെ സംരക്ഷിക്കാന്‍ കഴിയുക എന്നുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment