Kerala

മുനമ്പം ഭൂമി പ്രശ്‌നം; സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വിഡി സതീശന്‍

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുകയെന്നും വി ഡി സതീശന്‍ ചോദിച്ചു.

‘ഈ ഭൂമി വഖഫ് ഭൂമിയല്ല. അതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുക. രണ്ട്, എഗ്രിമെന്റിൽ പറയുന്നുണ്ട് നിശ്ചിത കാര്യത്തിന് വേണ്ടി ഉപയോഗിച്ചില്ലെങ്കില്‍ ഈ ഭൂമി തിരിച്ചുനല്‍കണമെന്ന്. വഖഫ് ആകുമ്പോള്‍ ഒരിക്കലും നിബന്ധനകള്‍ വെക്കില്ല. നിബന്ധനകള്‍ വെച്ചാല്‍ അത് വഖഫല്ല. മൂന്നാമത്തെ കാര്യം ഫറൂഖ് കോളേജ് മാനേജ്‌മെന്റ് ഇവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. പണം വാങ്ങിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്.

2021ന് ശേഷം എല്ലാവരും വഖഫ് ആക്ടുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്. വഖഫ് ആക്ട് 95ല്‍ ഉണ്ട്. 26 വര്‍ഷത്തില്‍ ഒരു കുഴപ്പവും ഉണ്ടായിട്ടില്ലല്ലോ. ഇപ്പോഴത്തെ വഖഫ് ബോര്‍ഡാണ് ഇവരുടെ നികുതി സ്വീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. ആഴങ്ങളില്‍ പോകാതെ പഠിക്കാതെയാണ് നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ എല്ലാ മുസ്‌ലിം സംഘടനകളും പ്രതിഷേധക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഒരു സംഘം ആളുകള്‍ വിഷയത്തെ വര്‍ഗീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഇതൊരു മുസ്‌ലിം-ക്രിസ്ത്യന്‍ പ്രശ്‌നമല്ല. മനുഷ്യാവകാശ പ്രശ്‌നമാണ്.

സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് കൈമാറിയിട്ടുണ്ട്. കേരളത്തിലെ ഒരു മുസ്‌ലിം സംഘടനകള്‍ പോലും ഇവരെ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ഇറക്കിവിടണമെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഒരു ഭാഗത്ത് ഈ വിഷയം വര്‍ഗീയ വത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഭീകരമായി നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

മുനമ്പത്ത് അറുനൂറില്‍ അധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഭൂമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമനടപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങള്‍ പരിശോധിച്ചാല്‍ പ്രസ്തുത ഭൂമി വഖഫിന്റെ പരിധിയില്‍ പെടുന്നതല്ലെന്നു മനസിലാക്കാവുന്നതാണ്. 2006-11 കാലത്ത് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഭൂമി വഖഫ് ആണെന്ന അവകാശവാദം ആദ്യമായി ഉന്നയിച്ചത്. കമ്മിഷന്‍ ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടില്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. തുടര്‍ന്ന് അധികാരത്തില്‍ എത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട് തിരുത്തിയതോടെ പ്രശ്നം അവസാനിച്ചു. വഖഫ് ഭൂമിയാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതും കരം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചതുമാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം.

ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണിത്. മുനമ്പം വിഷയം വര്‍ഗീയ ശക്തികള്‍ മുതലെടുപ്പിനുള്ള അവസരമാക്കുന്നത് കൂടി മനസിലാക്കണം. ഈ വിഷയത്തിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് തടയണം. ഒരു പ്രദേശത്തെ ജനവിഭാഗങ്ങളെ ഒന്നാകെ ബാധിക്കുന്ന വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.