Kerala

മുനമ്പം വിഷയം; ബിജെപി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എം വി ​ഗോവിനന്ദൻ

പാലക്കാട്: മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എം വി ​ഗോവിനന്ദൻ പറഞ്ഞു. ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ഒരു കുടിയൊഴിപ്പിക്കലിനേയും സിപിഐഎം അനുകൂലിച്ച ചരിത്രമില്ലെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുനമ്പം എന്നല്ല, കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹര്യമില്ലെന്ന് എം വി ​ഗോവിന്ദൻ വ്യക്തമാക്കി. മുനമ്പത്ത് കാലങ്ങളായി സമരം നടക്കുന്നുണ്ട്. ഇത് സർക്കാരിന് മാത്രം പരിഹരിക്കാനാകുന്ന പ്രശ്നമല്ല. കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നമുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സർക്കാർ സമരക്കാർക്ക് ഒപ്പമാണ്. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ മുനമ്പത്തുകാർക്ക് കരം അടയ്ക്കാനുള്ള അനുമതി റവന്യൂവകുപ്പ് നൽകിയിരുന്നു. ജമാഅത്തെ ഇസ്ലാമി ബിജെപിയുടെ കൗണ്ടര്‍ പാര്‍ട്ടാണ്. രണ്ടും രണ്ടല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്താണോ ഭൂരിപക്ഷത്തിന്റേയും ഹിന്ദുക്കളുടേയും പേരിൽ ബിജെപിയും ആർഎസ്എസും ചെയ്യുന്നത്. അത് തന്നെയാണ് ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് വെൽഫെയർ പാർട്ടി ചെയ്യുന്നതെന്നും എം വി ​ഗോവിനന്ദൻ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയ വിഷയം ഗൗരവമായി കാണുന്നു. വിഷയം സര്‍ക്കാര്‍ പരിശോധിക്കുകയാണ് ആവശ്യമായ നടപടിയുണ്ടാകുമെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.