India

‘ഞാൻ പ്രഖ്യാപിച്ച വിധിന്യായങ്ങൾ എല്ലാം മുരുകൻ എന്നെക്കൊണ്ട് പറയിപ്പിച്ചത്’; ജസ്റ്റിസ് എം സൊക്കലിംഗത്തിൻറെ പ്രസംഗം വിവാദത്തിൽ

ചെന്നൈ: മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം സൊക്കലിംഗത്തിൻറെ പ്രസംഗം വിവാദത്തിൽ. താൻ പുറപ്പെടുവിച്ച വിധിന്യായങ്ങൾ നടത്തിയത് ദൈവമായ മുരുകനാണെന്നായിരുന്നു മുൻ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശം. ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ നടന്ന ചടങ്ങിൽ അതിഥിയായെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻറെ വിവാദ പരാമർശം.

“ഞാൻ പ്രഖ്യാപിച്ച ഒരു ലക്ഷത്തിലധികം വിധിന്യായങ്ങളിൽ ഒന്നുപോലും ഞാനായിട്ട് പറഞ്ഞതല്ല. എല്ലാം മുരുകൻ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. മുരുകൻ എന്തു പറഞ്ഞുവോ അതായിരുന്നു വിധിന്യായങ്ങളെല്ലാം. ന്യായാധിപന്റെ പദവിപോലും എനിക്കു നൽകിയത് മുരുകനാണ്. സത്യവും സത്യസന്ധതയും ഉള്ളിടത്ത് മുരുകൻ വരും. കണ്ണടച്ച് വിളിച്ചാൽ ഹൃദയം നല്ലതാണെങ്കിൽ മുരുകൻ വന്നിരിക്കും. ഭക്തിപോലെ പ്രാധാന്യമേറിയതാണ് ദാനധർമങ്ങൾ”, ജസ്റ്റിസ് സൊക്കലിംഗം പറഞ്ഞു.