കണ്ണൂര്‍: ഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയതില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അറസ്റ്റ് രേഖപ്പെടുത്തിയത് പുതിയൊരു കാര്യമല്ലല്ലോയെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയത് സിപിഐഎം നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് മൊത്തം പഴി കേള്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകുമെന്നും ദിവ്യയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ദിവ്യ പൊലീസിന് മുമ്പിലെത്തിയത്.
അപ്പീലിന് പോകാനായിരുന്നു ദിവ്യയുടെ ആദ്യ ശ്രമം. എന്നാല്‍ അപ്പീലിന് പോയാല്‍ കാലതാമസമുണ്ടാകുമെന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മാധ്യമ-പൊതുജന സമ്മര്‍ദ്ദം ചെറുതല്ലെന്നും ദിവ്യയെ പാര്‍ട്ടി ധരിപ്പിച്ചു. ഇതോടെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് മനസിലാക്കിയ ദിവ്യ കീഴടങ്ങുകയായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ദിവ്യയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാർപ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാൻഡ്.
Add Comment