Kerala

കള്ളപ്പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് ബിജെപിയെന്ന് എം വി ഗോവിന്ദൻ

തൃശൂർ: കുഴൽപ്പണവും കള്ളപ്പണവും ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പ്രധാനപ്പെട്ട പാർട്ടിയാണ് ബിജെപിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ഓഫീസുകളുടെ വെളിപ്പെടുത്തൽ ടിവി ചാനലിൽ കണ്ടു. സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണ് ഈ പണം വന്നത് എന്നാണ് വെളിപ്പെടുത്തൽ. ഫലപ്രദമായി അന്വേഷണം നടക്കണം. പൊലീസ് അന്വേഷണം ഗവൺമെന്‍റ് സംവിധാനത്തിന്റെ ഭാഗമാണ്. കേസിന്റെ ഉള്ളടക്കങ്ങളിലേക്ക് പാർട്ടി പോയിട്ടില്ല. മൂന്നരക്കോടി രൂപ ചാക്കിൽ കെട്ടി കൊടുത്താൽ ആരാണ് തട്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.

ഇഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് ബിജെപിയോടും ഗവൺമെന്റിനോടും ചോദിക്കണം. സിപിഐഎമ്മിന് തിരൂർ സതീഷിനെ വിലക്കെടുക്കേണ്ട കാര്യമില്ല. മൂന്നരക്കോടി രൂപ കൈകാര്യം ചെയ്യാൻ അവകാശമുള്ള, ഓഫീസിൽ സർവ്വസ്വാതന്ത്ര്യവും ഉള്ള ഒരാളാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തന്തയ്ക്ക് വിളിച്ച ഒരാൾക്ക് മറുപടി നൽകണമെങ്കിൽ അതിനപ്പുറത്തുള്ളതല്ലേ പറയേണ്ടതെന്ന് സുരേഷ് ഗോപിക്കെതിരെ അദ്ദേഹം പ്രതികരിച്ചു. അതുകൊണ്ട് അത്തരം മറുപടികൾ ഇല്ലെന്നും എന്തെങ്കിലും തോന്നിവാസം പറഞ്ഞാൽ അതിനു മറുപടി പറയേണ്ടതാരാണെന്നും എംവി ഗോവിന്ദൻ ചോദിച്ചു.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കിക്കൊണ്ടാണ് മുന്‍ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തൽ നടത്തിയത്. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് സതീഷ് വെളിപ്പെടുത്തിയത്. ഇതിന് താന്‍ സാക്ഷിയാണ്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞിരുന്നു.

കൊടകര കുഴല്‍പ്പണക്കേസ് നടക്കുന്ന 2021-ല്‍ ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ബിജെപി ജില്ലാ ഭാരവാഹികള്‍ വിളിച്ച് ജില്ലാ ഓഫീസിലേക്ക് ചില മെറ്റീരിയലുകള്‍ വരുന്നുണ്ടെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ജില്ലാ ഓഫീസിലെത്തിയത്. ധര്‍മരാജന്‍ എന്നയാളാണ് പണം എത്തിച്ചത്. ആറോളം ചാക്കുകെട്ടുകള്‍ ഉണ്ടായിരുന്നു. പണമാണെന്ന് തനിക്ക് ആദ്യം മനസിലായിരുന്നില്ല. പണം കൊണ്ടുവന്നവര്‍ക്ക് മുറിയെടുത്ത് നല്‍കിയത് താനാണ്. ആ പണം പിന്നീട് കൊടകരയിലേക്ക് കൊണ്ടുപോയെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.