നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി രണ്ടു തട്ടിലാണെന്നുള്ള വാർത്തകള്‍ കാണുന്നുണ്ട്. പാർട്ടി എല്ലാ അർത്ഥത്തിലും നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പത്തനംതിട്ടയിലെ നവീൻ ബാബുവിൻ്റെ കുടുംബം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയായാലും കേരളമായാലും പാർട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പിപി ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. അതിന് സമയം താമസിപ്പിക്കാതെ മാറ്റി. നവീൻ ബാബുവിൻ്റെ കുടുംബത്തിന് ഒപ്പമാണെന്ന് പറയുന്ന മാധ്യമങ്ങളുടെ പ്രയോഗം തെറ്റാണ്. പാർട്ടി കുടുംബത്തിനൊപ്പം തന്നെയാണ്. എംവി ജയരാജൻ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ പാർട്ടി കുടുംബത്തിന് ഒപ്പമാണ്. ആവശ്യമില്ലാതെ വാർത്തകള്‍ ഉണ്ടാക്കരുത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ താനാണ് പറയുന്നത് പാർട്ടി കുടുംബത്തോടൊപ്പമാണെന്ന്. അന്വേഷണത്തിന് എന്തെല്ലാം നടപടികള്‍ വേണോ അതിനെല്ലാം പൂർണ്ണമായി പിന്തുണക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇന്ന് രാവിലെ 11.30 ഓടെ വീട്ടിലെത്തിയ അദ്ദേഹം അടച്ചിട്ട മുറിയിലാണ് കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം എംവി ഗോവിന്ദൻ ഇരിക്കുന്ന ദൃശ്യങ്ങള്‍ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ച ശേഷം എല്ലാവരെയും പുറത്തിറക്കി സിപിഎം നേതാക്കള്‍ക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിക്കുകയായിരുന്നു.
കേസില്‍ കുറ്റാരോപിതയായ പിപി ദിവ്യയെ പൊലീസ് ഇനിയും ചോദ്യം ചെയ്യാതിരിക്കുന്ന സാഹചര്യത്തില്‍ കുടുംബത്തിന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനും പാർട്ടി പിന്തുണ അറിയിക്കാനുമാണ് എംവി ഗോവിന്ദൻ്റെ സന്ദർശനം. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, മുൻ എംഎല്‍എ രാജു എബ്രഹാം തുടങ്ങിയവർ പാർട്ടി സംസ്ഥാന സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
Add Comment