Politics

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സിപിഐഎം തിരുവല്ല ഏരിയാ കമ്മിറ്റിക്ക് താക്കീതുമായി എം വി ഗോവിന്ദൻ

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സിപിഐഎം തിരുവല്ല ഏരിയാ കമ്മിറ്റിക്ക് താക്കീതുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും തിരുവല്ലയിൽ പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പണസമ്പാദന പ്രവണത നേതാക്കൾക്കിടയിൽ വർദ്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുമായി സംസാരിക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവല്ല വിഭാഗീയതയുടെ തുരുത്തായി മാറി. നല്ല കേഡർമാർ പാർട്ടി ഉപേക്ഷിച്ചു പോവുകയാണ്. മൂല്യശോഷണം സംഭവിച്ചവർക്ക് പാത എളുപ്പമാകുന്നു. പാർട്ടി ആൾക്കൂട്ടമായി മാറി. പാർട്ടിയുടെ മെറിറ്റും മൂല്യങ്ങളും അട്ടിമറിക്കുന്ന പ്രവർത്തനം ജില്ലയിൽ നടക്കുന്നുണ്ട്. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കെതിരെ ഒട്ടേറെ പരാതികൾ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നു. പേര് വയ്ക്കാത്ത പരാതികളാണ് ലഭിക്കുന്നത്. ഭയംകൊണ്ട് പേര് വെക്കുന്നില്ല എന്നാണ് കത്തിൽ പറയുന്നതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

263 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 30-ന് രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. വൈകിട്ട് നാലിന് റാലി നടക്കും. അഞ്ചിന് കെഎസ്ആർടിസി മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും.