World

ഇന്ത്യ നിഷ്പക്ഷ രാജ്യമല്ലെന്നും സമാധാനത്തിൻ്റെ പക്ഷത്തിനൊപ്പം ഉറച്ച് നിൽക്കുമെന്നും നരേന്ദ്ര മോദി

വാഷിംഗ്ടൺ: ഇന്ത്യ നിഷ്പക്ഷ രാജ്യമല്ലെന്നും സമാധാനത്തിൻ്റെ പക്ഷത്തിനൊപ്പം ഉറച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ-റഷ്യാ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ പ്രതികരണം. വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയത്.

ഇത് യുദ്ധത്തിൻ്റെ കാലഘട്ടമല്ലെന്ന് വൈറ്റ്ഹൗസിൽ സന്നിഹിതരായ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മോദി ചൂണ്ടിക്കാണിച്ചു. ‘ഇന്ത്യ നിഷ്പക്ഷരല്ല. ഇന്ത്യ സമാധാനത്തിൻ്റെ പക്ഷത്താണ്. ഇത് യുദ്ധത്തിൻ്റെ കാലഘട്ടമല്ല. യുദ്ധക്കളത്തിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കില്ല’ എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.

‘ഞങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന്’ മോദിയുടെ നിലപാടിനോട് പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും നിലപാട് വ്യക്തമാക്കി. റഷ്യൻ പ്രസിഡൻ്റ് വ്ലാഡമിർ പുടിനോടും യുക്രെയ്ൻ പ്രസിഡൻ്റ് വ്ലോഡമിർ സെലൻസ്കിയോടും യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങൾക്കും ഇടയിൽ ചർച്ച നടത്താൻ ആവശ്യപ്പെട്ടുവെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ആ​ഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡ‍ൻ്റും വ്യക്തമാക്കി. നാറ്റോയിൽ അം​ഗത്വം നേടാനുള്ള യുക്രെയ്ൻ്റെ ആ​ഗ്രഹമാണ് യുദ്ധത്തിന് കാരണമായതെന്ന നിലപാടും ട്രംപ് ചൂണ്ടിക്കാണിച്ചു. അവർ ചെയ്യാതിരുന്നെങ്കിൽ എന്ന് ഞാൻ കരുതുന്ന ഒരു കാര്യത്തിലേക്ക് റഷ്യ അവരെ തന്നെ എത്തിച്ചിരിക്കുന്നു. ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ഇപ്പോൾ, റഷ്യ ഒരു വലിയ പ്രദേശം ഏറ്റെടുത്തിരിക്കുന്നു. യുക്രെയ്‌നെ നാറ്റോയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് അവർ ആദ്യ ദിവസം മുതൽ പറഞ്ഞിരുന്നു. അവർ അത് വളരെ ശക്തമായി പറഞ്ഞു.  അതാണ് യുദ്ധത്തിൻ്റെ തുടക്കത്തിന് കാരണമായതെന്ന് ഞാൻ യഥാർത്ഥത്തിൽ കരുതുന്നു. എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഞങ്ങൾ നന്നായി ചേർന്ന് പോകുന്നു. ഞങ്ങൾ എല്ലാ രാജ്യങ്ങളുമായും ചേർന്ന് പോകുന്നു. ഞങ്ങൾ വളരെ നന്നായി പ്രവർത്തിക്കാൻ പോകുന്നു. ഞങ്ങൾ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ പോകുന്നു. സമീപഭാവിയിൽ ഞങ്ങൾക്ക് നിരവധി വലിയ വ്യാപാര ഇടപാടുകൾ പ്രഖ്യാപിക്കാനുണ്ട് എന്നായിരുന്നു യുക്രെയ്‌നിൽ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിൻ്റെ പദ്ധതിയിൽ ഇന്ത്യ പങ്കുവഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനോട് ട്രംപിൻ്റെ പ്രതികരണം.

വൈറ്റ്ഹൗസിലെത്തി ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. മോദിയുമായുള്ള മികച്ച ബന്ധത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ച ട്രംപ് കഴിഞ്ഞ നാല് വർഷവും മോദി സൗഹാർദം സൂക്ഷിച്ചെന്നും പറഞ്ഞു.