കണ്ണൂർ: യാത്രയയപ്പ് ചടങ്ങിന് ശേഷം കണ്ണൂർ എഡിഎം നവീൻ ബാബു ജില്ലാ കളക്ടറെ കണ്ടതായി റിപ്പോർട്ട്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ആരോപണങ്ങളെ പറ്റി കളക്ടറോട് സംസാരിച്ചു, 15 മിനിറ്റോളം ഇരുവരും തമ്മിൽ സംസാരിച്ചതായാണ് റിപ്പോർട്ട്. കളക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണം സംഘം ശേഖരിച്ചിട്ടുണ്ട്. കളക്ടറുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് നവീൻ ബാബു റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചത്.
ഇക്കഴിഞ്ഞ 14ന് രാത്രി പുറപ്പെടുന്ന മലബാർ എക്സ്പ്രസിലായിരുന്നു നവീൻ ബാബു പത്തനംതിട്ടയിലേക്ക് മടങ്ങാനിരുന്നത്. രാത്രി 8.55നായിരുന്നു കണ്ണൂർ നിന്നും ട്രെയിൻ വിടുന്ന സമയം.രാത്രി എട്ട് മണി വരെ നവീൻ ബാബു റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു. എന്നാൽ സ്റ്റേഷനിലേക്കോ പ്ലാറ്റ് ഫോമിലേക്കോ എത്തിയിരുന്നില്ല. ഔദ്യോഗിക വാഹനത്തിലായിരുന്നു അദ്ദേഹം റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. സ്റ്റേഷൻ എത്തുന്നതിന് 200 മീറ്റർ അകലെ മുനീശ്വരൻ കോവിലിന് സമീപത്തായിരുന്നു അന്ന് ഡ്രൈവർ നവീൻ ബാബുവിനെ ഇറക്കിയത്. സുഹൃത്ത് വരാനുണ്ടെന്നും തന്നെ കോവിലിന് സമീപം ഇറക്കിയാൽ മതിയെന്നും നവീൻ ബാബു പറഞ്ഞിരുന്നതായി ഡ്രൈവർ പറയുന്നു. കോവിലിൽ കുറച്ചു സമയം ചിലവഴിച്ച നവീൻ ബാബു, ശേഷം വൈകീട്ട് 6.45ഓടെ ഓട്ടോയിൽ താമസസ്ഥലമായ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലേക്ക് മടങ്ങി.എട്ട് മണിയോടെ വസതിയിൽ നിന്നും ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങിയെങ്കിലും എത്തിയപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.
പുലർച്ചെ ഒരു മണിയോടെയാണ് നവീൻ ബാബു സറ്റേഷനിൽ നിന്നും പുറത്തിറങ്ങുന്നത്. വീണ്ടും പള്ളിക്കുന്നിലെ വസതിയിലേക്ക് പോയി. പുലർച്ചെ നാലിനും ആറിനും ഇടയിലായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യ.
യാത്രയയപ്പു ചടങ്ങിൽ ഏറെ സന്തോഷവാനായാണ് നവീൻ ബാബു പങ്കെടുത്തതെന്നും എന്നാൽ ദിവ്യയുടെ പരാമർശങ്ങൾക്ക് ശേഷം അതില്ലാതായെന്നും കളക്ടറേറ്റ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു. പെട്രോൾ പമ്പിന് എൻഒസി അനുവദിക്കാൻ നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാൽ വിഷയത്തിൽ ദിവ്യയുടെ ആരോപണം ശരിവെക്കുന്ന യാതൊരു തെളിവുകളും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.
Add Comment