ഓസീസിന്റെ എക്കാലത്തെയും ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനെ സ്മരിച്ച് മെൽബണിലെ ഒരു ലക്ഷത്തിനടുത്തുള്ള കാണികൾ. അന്തരാഷ്ട്ര ക്രിക്കറ്റിൽ ആയിരത്തിന് മുകളിൽ വിക്കറ്റെടുത്ത ഏക താരമായ ഷെയ്ൻ വോൺ 2022 മാർച്ചിലാണ് അകാലത്തിൽ മരണപ്പെടുന്നത്. ഹൃദയാഘാതം മൂലം മരണപ്പെടുമ്പോൾ 52 വയസ്സ് മാത്രമായിരുന്നു പ്രായം.
ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം 700 വിക്കറ്റെടുത്ത താരമായ ഷെയ്ൻ വോണിന്റെ ഭാഗ്യ മൈതാനമായിരുന്നു മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം. പ്രാദേശിക ലീഗുകളിൽ തുടങ്ങി അന്തരാഷ്ട്ര ക്രിക്കറ്റിന്റെ നെറുകയിലേക്കുള്ള വോണിന്റെ ഉയർച്ച താഴ്ചകൾ അടയാളപ്പെടുത്തിയ സ്റ്റേഡിയം കൂടിയാണ് മെൽബൺ.
1994-ലെ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ താരം ഇവിടെ ഹാട്രിക്ക് നേടിയിരുന്നു. അന്ന് ഫിൽ ഡിഫ്രീറ്റാസ്, ഡാരൻ ഗോഫ്, ഡെവൺ മാൽക്കം എന്നിവരെ പുറത്താക്കി വോൺ. 2006-07 ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഇംഗ്ലണ്ടിൻ്റെ ആൻഡ്രൂ സ്ട്രോസിനെ പുറത്താക്കിക്കൊണ്ട് വോൺ എംസിജിയിൽ തൻ്റെ 700-ാം ടെസ്റ്റ് വിക്കറ്റിൻ്റെ നാഴികക്കല്ല് നേടി .
2022-ൽ അദ്ദേഹത്തിൻ്റെ അകാല മരണത്തെത്തുടർന്ന്, ക്രിക്കറ്റിനുള്ള അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത സംഭാവനകളെയും സ്റ്റേഡിയവുമായുള്ള ആഴത്തിലുള്ള ബന്ധത്തെയും ബഹുമാനിക്കുന്നതിനായി MCG-യിലെ ഗ്രേറ്റ് സതേൺ സ്റ്റാൻഡിനെ ‘ഷെയ്ൻ വോൺ സ്റ്റാൻഡ്’ എന്ന് പുനർനാമകരണം ചെയ്തിരുന്നു.
ഇന്ന് ഓസീസിലെ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 3:50 ന് ഓസീസ് താരങ്ങളെല്ലാം തൊപ്പി അഴിച്ച് ആദരം അർപ്പിച്ചു. താരത്തിന്റെ പ്രധാന ഐ ക്കോണിക്ക് സെലിബ്രെഷനായിരുന്നു തൊപ്പി അഴിച്ചുള്ള ആംഗ്യം. താരങ്ങൾക്ക് പിന്നാലെ എംസിജെയിലെ കാണികളും തൊപ്പി അഴിച്ച് ആധാരം പ്രകടിപ്പിച്ചതോടെ മത്സരം കൂടുതൽ വൈകാരികമായി. വോണിൻ്റെ ടെസ്റ്റ് ജേഴ്സി നമ്പർ 350 ആയിരുന്നു, അതായത് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന 350-ാമത്തെ കളിക്കാരനായിരുന്നു അദ്ദേഹം. ഇത് കൂടി കണക്കിലെടുത്തായിരുന്നു ഈ സമയം തന്നെ ആദരവ് അർപ്പിക്കാൻ തിരഞ്ഞെടുത്തത്.
Add Comment