പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഐഎം സംസ്ഥാന നേതാവ് എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മാധ്യമ പ്രവര്‍ത്തകരെ പട്ടിയോട് ഉപമിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും രാഹുല്‍ പറഞ്ഞു.
‘മാധ്യമ പ്രവര്‍ത്തകരോട് വിയോജിപ്പ് ഉണ്ടാകും. അതിന് ഈ രീതിയില്‍ അല്ല പ്രതികരിക്കേണ്ടത്. കോണ്‍ഗ്രസിന് നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഒരു കോണ്‍ഗ്രസ് നേതാവ് പോലും മോശമായി പെരുമാറിയിട്ടില്ല. പരാമര്‍ശത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധിക്കണം’, രാഹുല്‍ പറഞ്ഞു.
ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണ് മാധ്യമങ്ങള്‍ പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂറിന്റെ വീടിനു മുന്നില്‍ കാവല്‍ നിന്നത് എന്നാണ് കൃഷ്ണദാസ് അധിക്ഷേപിച്ചത്. ‘സിപിഐഎമ്മില്‍ പൊട്ടിത്തെറിയെന്ന് കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതല്‍ ഇപ്പോള്‍ വരെ ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ നിന്നവര്‍ തലതാഴ്ത്തുക. ഞാന്‍ ഇഷ്ടമുള്ളിടത്തൊക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങള്‍ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം”, എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇതിനെതിരെ മാധ്യമങ്ങള്‍ പ്രതികരിച്ചതോടെ പരാമര്‍ശം ആവര്‍ത്തിച്ചു. ഇനിയും പറയും എന്നും എന്‍ എന്‍ കൃഷ്ണദാസ് പ്രതികരിച്ചു. സിപിഐഎം വിടുകയാണെന്ന് പറഞ്ഞ അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് കണ്‍വെന്‍ഷനില്‍ കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.
അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് നേരത്തെയും എന്‍ എന്‍ കൃഷ്ണദാസ് ആക്രോശിച്ചിരുന്നു. ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാന്‍ പറയുകയായിരുന്നു. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയെന്നും നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലേയെന്നും തങ്ങളുടെ പാര്‍ട്ടിയിലെ കാര്യം തങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പറഞ്ഞു. എല്ലാവരോടും സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കരുതെന്നും കോലും കൊണ്ട് തന്റെ മുന്നിലേക്ക് വരേണ്ടതില്ലെന്നുമാണ് കൃഷ്ണദാസ് ആക്രോശിച്ചത്.
Add Comment