Sports

‘നോക്കൂ, ഇതാരാണെന്ന് നോക്കൂ’; ദുബായില്‍ സഞ്ജുവിനെ കണ്ടുമുട്ടിയ വീഡിയോ പങ്കുവെച്ച് ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കണ്ടുമുട്ടുന്ന വീഡിയോ പങ്കുവെച്ച് മുന്‍ താരം എസ് ശ്രീശാന്ത്. ദുബായില്‍ വെച്ചാണ് മലയാളി താരങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്. സഞ്ജു സാംസണുമായുള്ള കൂടിക്കാഴ്ചയുടെ രസകരമായ ദൃശ്യങ്ങള്‍ ശ്രീശാന്ത് തന്നെയാണ് സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘ദൂരെ നിന്നും തന്റെ അടുത്തേയ്ക്ക് നടന്നുവരുന്ന സഞ്ജുവിന്റെ ദൃശ്യങ്ങള്‍ ശ്രീശാന്ത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. സഞ്ജുവിനെ കണ്ടതും ‘നോക്കൂ, ഇതാരാണെന്ന് നോക്കൂ’, എന്നാണ് ശ്രീശാന്ത് പറഞ്ഞുതുടങ്ങുന്നത്. സഞ്ജു, സഞ്ജു, സഞ്ജു എന്റെ കൂട്ടുകാരനെ പരിചയപ്പെടുകയാണ്. സഞ്ജു, സഞ്ജു… എന്താ ഇവിടെ സഞ്ജു?’, ശ്രീശാന്ത് വീഡിയോയില്‍ ചോദിച്ചു.

ചേട്ടന്‍ വിളിച്ചിട്ട് വന്നതാണെന്ന് ശ്രീശാന്തിന് സഞ്ജു മറുപടി നല്‍കുന്നുമുണ്ട്. പിന്നാലെ വീഡിയോ സെല്‍ഫി മോഡിലേയ്ക്ക് മാറ്റിയ ശ്രീശാന്തിന് പിന്നില്‍ സഞ്ജു നില്‍ക്കുന്നതും പിന്നാലെ ഇരുവരും സന്തോഷത്തോടെ പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ശ്രീശാന്ത് പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

‘സഞ്ജു, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിനക്കൊപ്പം ഉണ്ടാകട്ടെ. ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുക. നിങ്ങളുടെ സ്വതസിദ്ധമായ ശൈലി കൊണ്ട് മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ കഴിയട്ടേ. ഇനിയും വളരുക, തിളങ്ങുക, എല്ലാവരേയും ഉത്തേജിപ്പിക്കുന്നത് തുടരുക. ആകാശം ഒരു അതിരല്ല’, എന്ന ക്യാപ്ഷനോടെയാണ് ശ്രീശാന്ത് വീഡിയോ പങ്കുവെച്ചത്.