Kerala

ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ

കൊല്ലം: ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരി​ഗണിച്ചാണ് തീരുമാനം. മോട്ടോർ വാഹന വകുപ്പ് കൊച്ചി സ്വദേശി കെ പി മാത്യൂസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്.

ദുബായിയില്‍ ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ യാത്രാസൗജന്യം( ‘If the fare meter is not working, journey is free’)എന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് റോഡ്‌സുരക്ഷാ നിയമങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ നിർദ്ദേശമാണ് കേരളത്തിലും പ്രാവർത്തികമാക്കുന്നത്. കേരളത്തിൽ സര്‍വീസ് നടത്തുന്ന ഓട്ടോകളിലും ”യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം” എന്ന് മലയാളത്തിലും ‘If the fare meter is not engaged or not working, your journey is free’ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിൻ്റ് ചെയ്ത് സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കില്‍ വെള്ള അക്ഷരത്തില്‍ വായിക്കാന്‍ കഴിയുന്ന വലുപ്പത്തില്‍ എഴുതി വെയ്ക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദ്ദേശം.

കഴിഞ്ഞ 24- ന് ചേര്‍ന്ന സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തിൽ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു. സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടര്‍ന്നുള്ള ഫിറ്റ്‌നസ് സിര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും. ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകള്‍ ടാക്‌സി സര്‍വീസ് നടത്തിയാല്‍ ഡ്രൈവര്‍മാരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കും.

ഫിറ്റ്‌നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള വ്യവസ്ഥകളിലും ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും. പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ ഉറപ്പു വരുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജുചകിലം അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലൂടെ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. സ്റ്റിക്കര്‍ പതിക്കാതെ ടെസ്റ്റിന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാര്‍ക്കും ജോയിന്റ് റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.

Tags