Politics

സംഘര്‍ഷം ഒഴിവാക്കാനാണ് വോട്ട് ചെയ്യാതിരുന്നത്; ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസന്‍

പാലക്കാട്: വോട്ട് ചെയ്താല്‍ തടയുമെന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ വ്യാമോഹമാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസന്‍. വോട്ട് ചെയ്യാനെത്താതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷം ഒഴിവാക്കാനാണ് വോട്ട് ചെയ്യാതിരുന്നത്. അനാവശ്യ വിവാദം ഒഴിവാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരട്ട വോട്ട് ആരോപണം ഹരിദാസന്‍ നേരിട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ല എന്ന നിലപാട് ഹരിദാസ് സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റിനെതിരായ ഇരട്ട വോട്ട് ആരോപണം പാലക്കാട് ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷീണമുണ്ടാക്കിയിരുന്നു.

ഹരിദാസിന് ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് 73-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു. ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തിയാല്‍ ബൂത്ത് ഏജന്റ് ഒബ്ജക്ഷന്‍ ഉന്നയിക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞിരുന്നു. ആറ് മണിവരെ ബൂത്തിന് പുറത്ത് തമ്പടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തുന്നില്ല എന്ന് കണ്ടതോടെ പിരിഞ്ഞുപോകുകയായിരുന്നു.

കെ എം ഹരിദാസിന് ഇരട്ടവോട്ടുണ്ടെന്ന ആരോപണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് രംഗത്തെത്തിയത്. ഹരിദാസിന് പട്ടാമ്പിയിലും പാലക്കാട്ടുമായി ഇരട്ടവോട്ടുണ്ടെന്നായിരുന്നു ആരോപണം. അതേസമയം ആരോപണം തള്ളി ഹരിദാസും രംഗത്തെത്തി. താന്‍ കുറേക്കാലമായി പാലക്കാട് ബിജെപി ജില്ലാ ഓഫീസിലാണ് താമസിക്കുന്നതെന്നും അതിനാലാണ് വോട്ട് ഇവിടേയ്ക്ക് മാറ്റിയതെന്നുമായിരുന്നു ഹരിദാസിന്റെ പ്രതികരണം. ഇരട്ട വോട്ട് ഒഴിവാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഹരിദാസ് പറഞ്ഞിരുന്നു.