Tech

ഗുഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ്

ഗുഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് മുംബൈ കോടതി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ധ്യാൻ ഫൗണ്ടേഷനെയും അതിന്റെ സ്ഥാപകൻ യോഗി അശ്വിനിയെയും പരാമർശിച്ച് ചെയ്ത വീഡിയോ കോടതി നിർദ്ദേശത്തിനെ തുടർന്നും യുട്യൂബിൽ നിന്ന് നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

‘പഖണ്ഡി ബാബ കി കാർട്ടുട്ട്’ എന്ന പേരിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ യുട്യൂബിൽ നിന്ന് പിൻവലിക്കണമെന്ന് 2022 മാർച്ചിൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പാക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയ യുട്യൂബിനെതിരെ 2023 നവംബർ 21-ന് ബല്ലാർഡ് പിയറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടപടി സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതിയലക്ഷ്യ ഹർജി നൽകിയെങ്കിലും കഴിഞ്ഞയാഴ്ചയാണ് യുട്യൂബിനും ഗുഗിൾ സിഇഒയ്ക്കും കോടതി നോട്ടീസ് അയച്ചത്. യോഗി അശ്വിനിയെയും ധ്യാൻ ഫൗണ്ടേഷനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ മനപ്പൂർവ്വം നിർമിച്ചതാണെന്നും ഇത് നീക്കം ചെയ്യണമെന്നും കാണിച്ചായിരുന്നു ഹർജിക്കാർ പരാതി നൽകിയത്.

ഇന്ത്യയിലോ വിദേശത്തോ വീഡിയോ പ്രദർശിപ്പിക്കുന്നത് മൃഗസംരക്ഷണ സംഘടനയായ ധ്യാന് ഫൗണ്ടേഷനും യോഗി അശ്വിനിക്കും അപകീർത്തികരമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. അതേസമയം, ഇത്തരം പരാതികൾ ക്രിമിനൽ കോടതികളിലല്ല, സിവിൽ കോടതികളിലാണ് പരിഹരിക്കേണ്ടതെന്ന് യുട്യൂബ് വാദിച്ചിരുന്നു.

എന്നാൽ കേസ് ഐടി നിയമത്തിന് കീഴിൽ വരുന്നതാണെങ്കിലും ഇത്തരം കേസുകളിൽ ക്രിമിനൽ കോടതി ഇടപെടുന്നതിനെ ഐടി നിയമം വ്യക്തമായി തടയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് കൂടുതൽ വാദങ്ങൾക്കായി 2025 ജനുവരി 3 ലേക്ക് മാറ്റി.

About the author

KeralaNews Reporter

Add Comment

Click here to post a comment