India

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ് കോണ്‍റാഡ് സംഗ്മ നയിക്കുന്ന എന്‍പിപി പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങും സര്‍ക്കാരും പരാജയപ്പെട്ടെന്ന് കത്തില്‍ ആരോപിക്കുന്നു.

60 അംഗ നിയമസഭയില്‍ ഏഴ് സീറ്റുകളാണ് എന്‍പിപിക്കുള്ളത്. എന്‍പിപി പിന്തുണ പിന്‍വലിച്ചത് ബിജെപി സര്‍ക്കാരിന് ഭീഷണിയല്ല. ബിജെപിക്ക് 37 എംഎല്‍എമാരാണുള്ളത്. 31 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. അഞ്ച് എംഎല്‍എമാരുള്ള എന്‍പിഎഫ്, ഒരു ജെഡിയു എംഎല്‍എ, മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരും ബിജെപിയെയാണ് പിന്തുണക്കുന്നത്.