Politics

ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നും എന്നാല്‍ ഇത്തവണ അത് നല്‍കിയില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ലോക്‌സഭയിലെയും നിയമസഭയിലെയും കീഴ്‌വഴക്കമാണിതെന്നും അത് നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും അനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകനം വെയ്ക്കേണ്ടതുണ്ട്. ലോക്‌സഭയിലെയും നിയമസഭയിലെയും കീഴ്‌വഴക്കമാണത്. നിലവിലെ സാമ്പത്തിക സ്ഥിതിയും അതിന്റെ സൂചനകളും ബജറ്റിന് മുന്‍പായി പ്രത്യേകമായി അറിയുന്നതിന് വേണ്ടി സാമ്പത്തിക അവലോകനം നേരത്തെ തന്നെ അംഗങ്ങള്‍ക്ക് കിട്ടും. ഇതിന് മുന്‍പ് വെക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവലോകനം സര്‍ക്കുലേറ്റ് ചെയ്തിരുന്നു. അത് നിര്‍ബന്ധമായും പാലിക്കുന്ന കാര്യമാണ്’, വി ഡി സതീശന്‍ പറഞ്ഞു.

ധനമന്ത്രി സാനമ്പത്തിക അവലോകനം വെയ്ക്കാത്തത് 2022ലും ഉന്നയിച്ചിരുന്നുവെന്നും ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതെന്ന് സ്പീക്കര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ നിര്‍ദേശം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലംഘിച്ച് സാമ്പത്തിക അവലോകനം സര്‍ക്കുലേറ്റ് ചെയ്യാതെ ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിതരണം ചെയ്യാതെ ബജറ്റ് അവതരിപ്പിക്കുന്നത് തെറ്റാണെന്ന് സ്പീക്കറും വ്യക്തമാക്കി. ആവര്‍ത്തിക്കരുതെന്നും മുന്‍കൂട്ടി ലഭ്യമാക്കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.