കോഴിക്കോട്: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സർക്കാരിന്റെ ഔദാര്യമല്ല കേരളത്തിന് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
വയനാട്ടിലുണ്ടായത് തീവ്രദുരന്തമാണെന്ന് കേന്ദ്രം അംഗീകരിച്ചതാണ്. പ്രത്യേക സാമ്ബത്തിക പാക്കേജ് പ്രകാരം 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അത് തരാതെ 590 കോടി രൂപ കടമായി തരുന്നത് കേരളത്തെ അപമാനിക്കുന്നതിനും പരിഹസിക്കുന്നതിനും തുല്ല്യമാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
വായ്പയായി തരുന്ന പണം 50 വർഷം വരെ തിരിച്ചടയ്ക്കേണ്ടെന്ന് പറയാൻ കെ.സുരേന്ദ്രൻ ആരാണെന്നും അങ്ങനെ പറയാൻ സുരേന്ദ്രന് എന്ത് അവകാശമാണുള്ളതെന്നും വി.ഡി സതീശൻ ചോദിച്ചു. സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടാകുമ്ബോള്‍ കേന്ദ്ര സർക്കാർ സഹായിക്കണം. അല്ലാതെ കേന്ദ്രത്തിന്റെ ഔദാര്യമല്ല ഇതൊന്നും. ഹിമാചല്‍ പ്രദേശും ഉത്തർ പ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ സഹായിച്ചിട്ടുണ്ട്. ആ സഹായം കേരളത്തിന് തരില്ലെന്ന് പറയുന്നത് എന്ത് നീതിയാണെന്നും വി.ഡി സതീശൻ ചോദിച്ചു. കേരളത്തോടുള്ള പൂർണമായ അവഗണനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ട മനുഷ്യരുടെ കാലിന് അടിയിലെ മണ്ണ് ഒലിച്ചുപോയിട്ടും പണം 50 കൊല്ലത്തിനകം തിരിച്ചടയ്ക്കണം എന്നാണ് പറയുന്നത്. ഒന്നര മാസം പോലും ബാക്കിയില്ലാത്ത സമയത്താണ് മാർച്ച് 31-നകം പണം ചെലവഴിക്കണമെന്നും പറയുന്നത്. ഇതെല്ലാം എങ്ങനെ നടപ്പിലാക്കാനാണ്?. കേന്ദ്രം സംസ്ഥാനത്തോട് കാണിക്കേണ്ട ഒരു മാന്യതയും കാണിക്കാതെ പൂർണമായും അവഗണിക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്. അതിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
വയനാട് പുനരധിവാസനത്തിനായി 529.50 കോടി രൂപയുടെ മൂലധനന നിക്ഷേപ വായ്പയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ടൗണ്‍ഷിപ്പ് ഉള്‍പ്പെടെ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത ഈ വായ്പ 50 വർഷം കൊണ്ടാണ് തിരിച്ചടയ്ക്കേണ്ടത്. കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് തുക അനുവദിച്ചത്. എന്നാല്‍ 16 പദ്ധതികളുടേയും ചെലവ് കണക്കുകള്‍ മാർച്ച് മാസത്തില്‍തന്നെ തിരിച്ചയക്കണമെന്നത് പ്രതിസന്ധിയാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു.
Add Comment